ബ്രോങ്ക്സിൽ ആളിപടർന്ന അഗ്‌നിയിൽ ഒന്പത് കുട്ടികൾ ഉൾപ്പെടെ 19 പേർ വെന്തുമരിച്ചു
Monday, January 10, 2022 3:07 PM IST
ബ്രോങ്ക്സ് (ന്യൂയോർക്ക്): ഇലക്ട്രിക് സ്പേയ്സ് ഹീറ്ററിൽ സ്പാർക്ക് ഉണ്ടാ‌യതിനെതുടർന്നു
ബ്രോങ്ക്സിൽ ഒന്പത് കുട്ടികൾ ഉൾപ്പെടെ 19 പേർ വെന്തുമരിച്ചു. നിരവധി പേർ ചികിത്സയിലാണ്.

ജനുവരി ഒന്പതിനു ബ്രോങ്ക്സിലെ ന്യൂപ്ലെക്സ് അപ്പാർട്ട്മെന്‍റിൽ രാവിലെ 10.50 നാണ് സംഭവം. ഇലക്ട്രിക് സ്പേയ്സ് ഹീറ്ററിലുണ്ടായ സ്പാർക്കാ‌ണ് തീ ആളിപ്പടരാൻ കാരണമായതെന്ന് ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്മെന്‍റ് കമ്മീഷ‌ണർ ഡാനിയേൽ നിഗ്രൊ വെളിപ്പെടുത്തി. 120 അപ്പാർട്ടുമെന്‍റുകൾ ‌ഉൾപ്പെടുന്നതാണ് ഈ കെട്ടിടം. അപ്പാർട്ട്മെന്‍റിന്‍റെ രണ്ടും മൂന്നും നിലകളിലും ഹാൾ വേയിലുമാണ് തീ ആളി പടർന്നത്.

സംഭവത്തിൽ 19 പേർ മരിച്ചതായും 30 പേർ ഗുരുതരമായ പരിക്കുകളോടെ ‌ആശുപത്രിയിൽ ചികിത്സിയിലാണെന്നും ന്യൂയോർക്ക് മേയർ എറിക് ആഡംസ് വെളിപ്പെടുത്തി. അഗ്‌നി ശമന സേനാംഗങ്ങൾക്ക് കനത്ത പുകപടലം തടസം നേരിട്ടതായും കൂടുതൽ പേരും വിഷപുക ശ്വസിച്ചാണ് മരിച്ചതെന്നും മേയർ കൂട്ടിചേർത്തു.

1990 ൽ സിറ്റിയിലെ സോഷ്യൽ ക്ലബിൽ ഉണ്ടായ അഗ്നിബാധയിൽ 90 പേർ കൊല്ലപ്പെട്ടതിനുശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ അപകടമാണ് ഞായറാഴ്ച ഉണ്ടായതെന്നു അദ്ദേഹം കൂട്ടിചേർത്തു.

മരിച്ചവരോടുള്ള ആദരസൂചകമായി ജനുവരി 12 (ബുധൻ) വരെ എല്ലാ ഓഫീസുകളിലും പതാക പാതി താഴ്ത്തി കെട്ടുമെന്ന് മേയറുടെ ഓഫീസ് അറിയിച്ചു.

പി.പി. ചെറിയാൻ