വിദ്യാർഥികളെ മാസ്ക് ഉപയോഗിക്കാൻ നിർബന്ധിക്കരുതെന്ന് മിഷിഗൺ ഗവർണർ
Saturday, September 25, 2021 5:30 PM IST
മിഷിഗൺ : സ്കൂളുകളിൽ വിദ്യാർഥികളെ മാസ്ക് ധരിക്കുന്നതിനു നിർബന്ധിക്കരുതെന്ന് മിഷിഗൺ ഗവർണർ. പബ്ലിക്ക് ഏജൻസികൾ ജീവനക്കാരെയും ഉപയോക്താക്കളെയും വാക്സീൻ സ്വീകരിക്കാനും നിർബന്ധിക്കരുതെന്നു മിഷിഗൺ സ്റ്റേറ്റ് ഡമോക്രാറ്റിക്ക് ഗവർണർ ഗ്രച്ചൻ വിറ്റ്മർ വ്യക്തമാക്കി.

ബജറ്റ് നിർദേശങ്ങൾ സംസ്ഥാന നിയമനിർമാണ സഭയിൽ ചർച്ച ചെയ്യുന്നതിനിടയിലാണ് നിയമ സഭാംഗങ്ങളും ഗവർണറും തമ്മിൽ ധാരണയിൽ എത്തിയത്. ലോക്കൽ ഡയറക്ടറോ, ഹെൽത്ത് ഓഫിസറോ 18 വയിസിനു താഴെയുള്ളവരെ മാസ്ക് ഉപയോഗിക്കാൻ നിർബന്ധിക്കുന്ന ഉത്തരവോ, നിർദേശങ്ങളോ നൽകരുതെന്ന് ഗവർണർ ഉത്തരവിട്ടു.

മിഷിഗൺ നിയമനിർമാണ സഭയിൽ 70 ബില്യൺ ഡോളറിന്‍റെ ബജറ്റ് പാസാക്കുന്നതിന് ഇരുപാർട്ടികളുടേയും പിന്തുണ ഗവർണർക്കാവശ്യമായിരുന്നു. ഗവർണർ പുറത്തിറക്കിയ കോവിഡ് സംബന്ധിച്ചുള്ള കർശന നിർദേശങ്ങൾ സംസ്ഥാനത്തു വൻ പ്രതിഷേധത്തിനു വഴിയൊരുക്കിയിരുന്നു. സ്റ്റേ അറ്റ് ഹോം ഉത്തരവിൽ പ്രതിഷേധിച്ചു സ്റ്റേറ്റ് ക്യാപിറ്റോളിലേക്കു വൻ പ്രകടനവും നടത്തിയിരുന്നു.

അതേസമയം പ്രാദേശിക ഭരണകൂടങ്ങള്‍ മാസ്ക് മാൻഡേറ്റ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ് വലിയ അപകടമാണ് വരുത്തിവയ്ക്കുകയെന്ന് ഓക്‌ലാൻഡ് കൗണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു.

പി.പി. ചെറിയാൻ