റവ. ഡോ. സജി മുക്കൂട്ടിനു യാത്രയയപ്പു നൽകി
Thursday, September 23, 2021 2:43 PM IST
ഫിലഡൽഫിയ: അമേരിക്കയിലെ സീറോ മലങ്കര കാത്തലിക് മിഷന്‍റെ ഡ‍യറക്ടറായി നിയമിതനായ സെന്‍റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ടിന് സ്നോഹോഷ്മളമായ യാത്രയയപ്പു നൽകി.

സെപ്റ്റംബർ 19 നു ബെൻസേലത്തുള്ള സെന്‍റ് ജൂഡ് സീറോ മലങ്കര പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയിൽ സീറോ മലങ്കര കത്തോലിക്കാസഭയുടെ വടക്കേ അമേരിക്ക-കാനഡ ഭദ്രാസന അധ്യക്ഷൻ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. റവ. ഡോ. സജി മുക്കൂട്ട് സഹകാർമികനായിരുന്നു.തുടർന്നു ഗായകസംഘത്തിന്‍റെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച യാത്രയയപ്പ് സമ്മേളനത്തിൽ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു നടത്തി. വിശാല ഫിലഡൽഫിയ റീജണിലെ കേരള കത്തോലിക്കരുടെ സ്നേഹകൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷനെ പ്രതിനിധീകരിച്ച് മുൻ പ്രസിഡന്‍റ് ജോസ് മാളേയ്ക്കൽ, സജി അച്ചന് ആശംസകൾ നേർന്നു സംസാരിച്ചു. മാതൃസംഘത്തിനുവേണ്ടി പ്രിൻസി തോമസും മതബോധനസ്കൂൾ/എംസിസിഎൽ എന്നിവയുടെ പ്രതിനിധിമാരായി ജോർജ് സൈമണ്‍, സേത്ത് ജേക്കബ്, യുവജനങ്ങളെ പ്രതിനിധീകരിച്ച് സാറാ ജോണ്‍, തെരേസ സൈമണ്‍ എന്നിവരും സംസാരിച്ചു.


ഇടവകകൂട്ടായ്മയുടെ പ്രതിനിധിയായി തോമസ് (സജീവ്) ശങ്കരത്തിൽ നന്ദി പറഞ്ഞു. വൈദിക ടെ സേവനങ്ങളെയും ശുശ്രൂഷകളെയും പ്രകീർത്തിച്ചുകൊണ്ട് അഗസ്റ്റിൻ ജോസഫ് അവതരിപ്പിച്ച ആശംസാഗാനവും സജി അച്ചന്‍റെ സേവനങ്ങൾക്കു നന്ദിയും പുതിയ മിനിസ്ട്രിക്ക് പ്രാർഥനാശംസകളും നേർìകൊണ്ടുള്ള അമ്മമാരുടെ മംഗളഗാനവും ഹൃദ്യമായി. മാതൃസംഘവും മതബോധനസ്കൂൾ കുട്ടികളും യുവജനങ്ങളും പ്രത്യേകം പാരിതോഷികങ്ങൾ നൽകി അച്ചനെ ആദരിച്ചു. സെന്‍റ് ജൂഡ് ഇടവകയുടെ വിശേഷാൽ പാരിതോഷികമായി കൃതഞ്ജതാഫലകം ട്രഷറർ ഫിലിപ് തോമസ് സമ്മാനിച്ചു.

മറുപടി പ്രസംഗത്തിൽ വികാരി എന്ന നിലയിൽ തനിക്കു ലഭിച്ച സ്നേഹത്തിനും കരുതലിനും സ്നേഹോഷ്മളമായ യാത്രയയപ്പിനും പാരിതോഷികങ്ങൾക്കും റവ. ഡോ. സജി മുക്കൂട്ട് ഇടവകാസമൂഹത്തിനു നന്ദി അറിയിച്ചു.


പ്രോഗ്രാം കോഓർഡിനേറ്ററും പൊതുസമ്മേളനത്തിന്‍റെ എംസി യുമായിരുന്ന ഫിലിപ് ജോൺ (ബിജു) സജി അച്ചനെ അനുമോദിച്ചു സംസാരിച്ചു. പാരീഷ് സെക്രട്ടറി ഷൈൻ തോമസ് സ്വാഗതവും, എംസിഎ പ്രതിനിധി ബിജു പോൾ നന്ദിയും പറഞ്ഞു.

2014 ഓഗസ്റ്റ് മുതൽ ഇടവകവികാരി എന്ന നിലയിലുള്ള നിസ്തുല സേവനത്തിനുശേഷമാണ് ഒക്ടോബർ ഒന്നിന് അദ്ദേഹം പുതിയ സ്ഥാനം ഏറ്റെടുക്കുക.

വികസനത്തിന്‍റെ പാതയിലേക്കു കുതിരിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള അമേരിക്കയിലെ മലങ്കര എപ്പാർക്കിയുടെ കീഴിൽ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി മലങ്കര വൈദികരുടെ കൗദാശികസേവനം ലഭ്യമല്ലാതെ ജീവിക്കുന്ന സഭാമക്കളെ ഒരുമിപ്പിച്ച് പുതിയ മിഷനുകളും ഇടവകകളും രൂപീകരിക്കുക എന്നതാണ് സജി അച്ചന്‍റെ പുതിയ ദൗത്യം.1992 ൽ വൈദികപട്ടം സ്വീകരിച്ച സജി അച്ചൻ കേരളത്തിലെ വിവിധ ഇടവകകളിലെ അജപാലനദൗത്യം പൂർത്തിയാക്കി 1996 ൽ അമേരിക്കയിലെത്തി ന്യൂയോർക്ക് ലോംഗ് ഐലൻഡ്, ഷിക്കാഗൊ, ഡിട്രോയിറ്റ് എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചശേഷമാണ് 2014 ഓഗസ്റ്റ് മുതൽ ഫിലഡൽഫിയ സെന്‍റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാ പള്ളിയുടെ വികാരിയായി ശുശ്രൂഷ ചെയ്തുവരുന്നത്.

സെന്‍റ്. ജൂഡ് വികാരി, വിശാലഫിലഡൽഫിയ റീജണിലെ 22 ക്രൈസ്തവദേവാലയങ്ങളുടെ സ്നേഹകൂട്ടായ്മയായ എക്യുമെനിക്കൽ ഫെല്ലോഷിപ് ഓഫ് ഇന്ത്യ ചർച്ചസ് ഇൻ പെൻസിൽവേനിയായുടെ ചെയർമാൻ, ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ചെയർമാൻ, ഡയറക്ടർ, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയാ ഹോസ്പിറ്റൽ ചാപ്ലൈൻ എന്നിങ്ങനെ ഫിലഡൽഫിയായിലെ ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജി അച്ചൻ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

ഇടവകാംഗംകൂടിയായ ഫാ. ജേക്കബ് ജോണ്‍, മുൻ വികാരി ഫാ. തോമസ് മലയിൽ, സിസ്റ്റർ സീറ്റ എന്നിവരുടെ മഹനീയ സാന്നിധ്യം ബലിയർപ്പണത്തിനും, യാത്രയയപ്പുസമ്മേളനത്തിനും ധന്യത പകർന്നു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.