കെ.എം. റോയിക്ക് ആദരാഞ്ജലി അർപ്പിച്ച് ഫൊക്കാന
Monday, September 20, 2021 11:27 PM IST
ന്യൂയോർക്ക്: പ്രശസ്ത മാധ്യമപ്രവർത്തകൻ കെ.എം. റോയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫൊക്കാന. അദ്ദേഹത്തിന്‍റെ ഈ വേർപാടിൽ വളരെയധികം ദുഃഖിക്കുന്നതോടൊപ്പം കുടുംബത്തിനും ആരാധകർക്കും ഹൃദയം നിറഞ്ഞ പ്രാർഥനകളും ആശ്വാസങ്ങളും അർപ്പിക്കുന്നതായി ഫൊക്കാന പ്രസിഡന്‍റ് ജേക്കബ് പടവത്തിലും ടീമംഗങ്ങളും അറിയിച്ചു.

കെ.എം. റോയിയുടെ പത്രധർമ്മവും സമൂഹത്തിലേയ്ക്കുള്ള സംഭാവനകളും വ്യക്തിത്വ ഗുണങ്ങളും നമ്മുടെ സമൂഹത്തിനു ലഭിച്ച ഒരു നിധിയാണെന്നും അത് എന്നന്നേയ്ക്കും ലോകം മുഴുവനും ഒരു മഹത്തായ സംഭാവനയായി ഓർമയായി നിലകൊള്ളുമെന്നും ജേക്കബ് പടവത്തിൽ് അനുശോചന സന്ദേശനത്തിൽ എല്ലാവരെയും അറിയിച്ചു.

എന്തു ചിന്തിക്കണം എന്നല്ല, എങ്ങനെ ചിന്തിക്കണമെന്നാണ് നമ്മൾ പഠിക്കേണ്ടതെന്ന് നമ്മളെ ഓർമ്മിപ്പിച്ച എഴുത്തുകാരന് ഫൊക്കാനയുടെ എല്ലാവിധ ബഹുമാനങ്ങളും അർപ്പിക്കുന്നതോടൊപ്പം അദ്ദേഹം നമ്മുടെ സമൂഹത്തിനും രാഷ്ട്രത്തിനും പത്രധർമ്മത്തിനും നൽകിയ എല്ലാ സംഭാവനകൾക്കും നന്ദി രേഖപ്പെടുത്തുന്നതായും ഫൊക്കാന പ്രസിഡന്‍റ് ജേക്കബ് പടവത്തിലും സെക്രട്ടറി വർഗീസ് പാലമലയിലും ട്രസ്റ്റി ബോർഡ് ചെയർപേഴ്സണ്‍ വിനോദ് കെയാർക്കെയും ട്രഷറർ അബ്രഹാം കളത്തിലും മറ്റു ടീമംഗങ്ങളും അറിയിച്ചു.

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഫൊക്കാനയും പങ്കുചേരുന്നതായും അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ നിത്യശാന്തിയ്ക്കു വേണ്ടി പ്രാർഥനയിലും ഞങ്ങളുടെ ചിന്തകളിലും ഉണ്ടായിരിക്കുമെന്നും അറിയിച്ചുകൊണ്ട് അനുശോചനം അവസാനിച്ചു.

റിപ്പോർട്ട്: ഷീല ചേറു