പന്പ മലയാളി അസ്സോസിയേഷൻ അനുശോചിച്ചു
Friday, April 30, 2021 4:42 PM IST
ഫിലഡൽഫിയ: ഫിലഡൽഫിയായിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന അറ്റോർണി ബാബു വറുഗീസിന്‍റെ വേർപാടിൽ പന്പ മലയാളി അസ്സോസിയേഷൻ അനുശോചിച്ചു.

അസ്സോസിയേഷന്‍റെ സ്ഥാപക നേതാക്കളിലൊരാളും ബോർഡ് ഓഫ് ട്രസ്റ്റി ചെർമാനുമായിരുന്ന ബാബു വറുഗീസിന്‍റെ ആകസ്മികമായ വേർപാട് ഫിലാഡൽഫിയായിലെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി. ഫിലാഡൽഫിയ വാട്ടർ ഡിപ്പാർട്ട്മെന്‍റിൽ ജോലിയിലിരിക്കെ നിയമ ബിരുദം കരസ്ഥമാക്കി ലോയറായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്‍റെ വേർപാട്. പന്പ മലയാളി അസ്സോസിയേഷനിലും മറ്റ് നോണ്‍ പ്രോഫിറ്റ് സംഘടനകൾക്കുമായി സൗജന്യ ലീഗൽ സെമിനാറുകളും വിൽപ്പത്ര സെമിനാറുകളും ബാബു വറുഗീസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.

പന്പ മലയാളി അസ്സോസിയേഷന്‍റെ തുടക്കം മുതൽ സംഘടനയുടെ വിവിധ സ്ഥാനങ്ങൾ അലങ്കരിക്കുകയും ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി പല തവണ സേവനം അനുഷ്ടിക്കുകയും പന്പയുടെ സാമുഹിക ജീവകാരൂണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന ബാബു വറുഗീസിന്‍റെ ആകസ്മികമായ വേർപാടിൽ പന്പ അംഗങ്ങൾ ദുുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസിഡന്‍റ് അലക്സ് തോമസ് പറഞ്ഞു.

റിപ്പോർട്ട്: ജോർജ് ഓലിക്കൽ