ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്സിന്‍ ക്ലിനിക് വിജയകരമായി
Sunday, April 11, 2021 11:57 AM IST
ഗാര്‍ലന്‍റ് (ഡാളസ്): കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി എച്ച്ഇബി ഫാര്‍മസിയുമായി സഹകരിച്ച് ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കേരള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വച്ച് സംഘടിപ്പിച്ച കോവിഡ് വാക്സീന്‍ ക്ലിനിക് വിജയകരമായി .

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഡോസ് വാക്സിനാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പതിനെട്ടു വയസിനു മുകളിലുള്ളവര്‍ക്ക് ആദ്യം വരുന്നവരുടെ ക്രമമനുസരിച്ച് വിതരണം. ചെയ്തതെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ദാനിയേല്‍ കുന്നേല്‍, പ്രദീപ് നാഗനൂലില്‍ എന്നിവര്‍ പറഞ്ഞു. ഐ. വര്‍ഗീസ് കോവിഡ് വാക്സിന്‍ ക്ലിനിക് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു .

ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, ടോമി നെല്ലുവേലില്‍, ഷിജു അബ്രഹാം, അനശ്വര്‍ മാമ്പിള്ളി, ദീപക് നായര്‍, ഹരിദാസ് തങ്കപ്പന്‍, ദീപ സണ്ണി, പി ടി സെബാസ്റ്റ്യന്‍, കെ.എച്ച് ഹരിദാസ്, രാജന്‍ ഐസക്, ബോബന്‍ കൊടുവത്ത് തുടങ്ങിയവര്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചു. കേരളം അസോസിയേഷനു മഹാമാരിക്കിടയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇങ്ങനെയൊരു വാക്സിന്‍ ക്ലിനിക് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും, സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും തുടര്‍ന്നുള്ള അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവിധ സഹകരണവും അഭ്യര്‍ഥിക്കുന്നതായും അസോസിയേഷന്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍