നൊറീന്‍ ഹസന്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്ക് ആദ്യ വൈസ് പ്രസിഡന്‍റ്
Sunday, March 7, 2021 4:18 PM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്ക് വൈസ് പ്രസിഡന്‍റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തസ്തികയില്‍ നൊറീന്‍ ഹസനെ നിയമിച്ചതായി ബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നു. മാര്‍ച്ച് 15 മുതല്‍ പുതിയ ചുമതലയില്‍ പ്രവേശിക്കണമെന്ന് ഫെഡറല്‍ റിസര്‍വ് സിസ്റ്റം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നും കുടിയേറിയ മുന്‍ ഐബിഎം സീനിയര്‍ എക്‌സിക്യൂട്ടീവ് ജാവേദ് കെ. ഹസന്റെ മകളാണ് നൊറീന്‍. പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും എംബിഎ ബിരുദവും നേടിയ ഇവര്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ചത് മെക്കന്‍സി കമ്പനിയിലാണ്.

നൊറീന്‍റെ പരിചയസമ്പമായ നേതൃത്വം ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ വളര്‍ച്ചയ്ക്ക് നിദാനമായിരിക്കുമെന്നു വൈസ് പ്രസിഡന്റ് ഡെന്നിസ് സ്‌കോട്ട് പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി മോര്‍ഗന്‍ സ്റ്റാന്‍ലി വെല്‍ത്ത് മാനേജ്‌മെന്റ് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ തസ്തികയില്‍ നൊറീന്റെ സേവനം സ്തുത്യര്‍ഹമായിരുന്നുവെന്നും ഡെന്നീസ് കൂട്ടിച്ചേര്‍ത്തു. പുതിയ സ്ഥാനലബ്ദിയില്‍ അതീവ കൃതാര്‍ഥയാണെന്നും തന്‍റെ കഴിവിന്‍റെ പരമാവധി ബാങ്കിന്‍റെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുമെന്നും നൊറീന്‍ പ്രതികരിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍