കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Thursday, January 14, 2021 12:02 PM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രഫഷണല്‍ കോഴ്‌സിലേക്ക് പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്കുക.

എഞ്ചിനീയറിംഗ്, മെഡിസിന്, നഴ്‌സിംഗ്, ഫാര്‍മക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണള്‍ കോഴ്‌സുകള്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനം തേടുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്കും. പ്ലസ്ടു പരീക്ഷയില് 85 ശതമാനത്തിലധികം മാര്‍ക്കും കുടുംബത്തിലെ വാര്‍ഷിക വരുമാനം അരലക്ഷത്തില്‍ കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റിന്‍റെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സാമ്പത്തിക ആവശ്യം വ്യക്തമാക്കിക്കൊണ്ടുള്ള കുട്ടിയുടെ കത്ത്, പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം ലഭിച്ചതിന്റെ തെളിവ്, പ്രാദേശിക ഹിന്ദു സംഘടനയുടെ ശുപാര്‍ശകത്ത്, "മഹാമാരിയുടെ കാലത്ത് ശ്രദ്ധയുടേയും ഭക്തിയുടേയും പ്രാധാന്യം' എന്ന വിഷയത്തില്‍ 3 പേജില്‍ കുറയാതെ ഉപന്യാസം എന്നിവയും അപേക്ഷയോടൊപ്പം വേണം.

2021 ഫെബ്രുവരി 15ന് മുന്‍പ് ഓണ്‍ലൈന്‍ മുഖേനയോ www.namaha.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് കെ എച്ച് എന്‍ എ സ്‌ക്കോളര്‍ഷിപ്പ്, എന്‍ എന്‍ 89 പേരൂര്‍ക്കട. തിരുവനന്തപുരം 695005 എന്ന വിലാസത്തിലോ അപേക്ഷകള്‍ ലഭിക്കണമെന്ന് കെ എച്ച് എന്‍ എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജേഷ്‌കുട്ടി, വൈസ് ചെയര്‍മാന്‍ രാജുപിള്ള, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോർട്ട്: പി. ശ്രീകുമാര്‍