സെനറ്റർ കെവിൻ തോമസ് വീണ്ടും വിജയിച്ചു; തപാൽ വോട്ട് വഴി വന്ന വിജയം
Wednesday, November 18, 2020 12:31 PM IST
ന്യൂയോര്‍ക്ക്: മെയിൽ ഇൻ ബാലറ്റ് കൂടി എണ്ണിയതോടെ സെനറ്റർ കെവിൻ തോമസ് 1400-ൽ പരം വോട്ടിനു വിജയിച്ചു. ഇലക്ഷൻ കഴിഞ്ഞയുടനുള്ള പ്രൊജക്ഷനിൽ കെവിൻ തോമസ് ആറായിരത്തോളം വോട്ടിനു പിന്നിലായിരുന്നു. അതോടെ വിജയ സാധ്യത ഇല്ല എന്നാണു പൊതുവെ കരുതപ്പെട്ടത്. എന്നാൽ കാൽ ലക്ഷത്തിലേറെ തപാൽ വോട്ടുകൾ എണ്ണാനുണ്ടായിരുന്നു.

ന്യുയോർക്ക് സ്റ്റേറ്റിലും സിറ്റിയിലും കൊണ്ടു വന്ന പല നിയമങ്ങളും ചൂണ്ടിക്കാട്ടി കെവിൻ തോമസ് അടക്കം ഡമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കെതിരെ വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. കെവിൻ തോമസിനെ മാത്രം ലക്ഷ്യമിട്ടു പോലീസ് ബെനവലന്‍റ് അസോസിയേഷനും വലതു പക്ഷ സംഘടനകളും അതിശക്തമായ പ്രചാരണം അഴിച്ചു വിട്ടു. എന്തായാലും അത് ഫലിച്ചില്ലെന്നു വ്യക്തമായി.

ന്യുയോർക്ക് ലെജിസ്ളേച്ചറിലേക്കു വിജയിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് കെവിൻ തോമസ്. ഇപ്രാവശ്യം ഇന്ത്യൻ വംശജരായ ജെന്നിഫർ രാജ്‌കുമാർ, സൊഹ്‌റാൻ മാംദാനി എന്നിവർ സ്റ്റേറ്റ് അസംബ്ലിയിലേക്കു ക്വീൻസിൽ നിന്ന് വിജയിച്ചു. ധാരാളം ദക്ഷിണേഷ്യക്കാരുള്ള ഡിസ്ട്രിക്ടുകളിലാണ് ഇരുവരും വിജയിച്ചതെങ്കിൽ ലോംഗ് ഐലന്‍റിലെ അധികം ഇന്ത്യാക്കാരില്ലാത്ത ആറാം ഡിസ്ട്രിക്ടിൽ നിന്നാണ് കെവിൻ ജയിച്ചതെന്നതും അഭിമാനകരമായി.

കഴിഞ്ഞ തവണ തോല്പിച്ചത് 28 വര്‍ഷമായി സെനറ്ററായ കെമ്പ് ഹനനെ ആയിരുന്നു. ഹനന്‍ സെനറ്റിലെത്തുമ്പോള്‍ കെവിനു അഞ്ചു വയസേയുള്ളൂ. ഇപ്രാവശ്യം തോൽപിച്ചത് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡെന്നിസ് ഡണിനെയാണ്.

സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ് കെവിന്‍. റാന്നി സ്വദേശി തോമസ് കാനമൂട്ടിലിന്റെ പുത്രനായ കെവിന്‍ ദൂബൈയിലാണ് ജനിച്ചത്. തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം റേച്ചല്‍ തോമസ് ആണു അമ്മ. ഒരു സഹോദരിയുണ്ട്.

ഭാര്യ റിന്‍സി തോമസ് ഫാര്‍മസിസ്റ്റാണ്. വെണ്‍മണി തറയില്‍ ജോണ്‍സണ്‍ ഗീവര്‍ഗീസിന്റേയും സൂസമ്മയുടേയും പുത്രി.

ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പലതവണ കെവിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. യുഎസ് കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്സിന്റെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അഡ്വൈസറി കമ്മിറ്റി അംഗമാണ് കെവിന്‍. ഈ സ്ഥാനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ.