ഫോമാ യുവജന വിഭാഗത്തിന് പുതിയ നേതൃത്വം
Thursday, October 22, 2020 7:25 PM IST
അറ്റ്ലാന്‍റ: ഫോമായുടെ യുവജനവിഭാഗത്തിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മസൂദ് അൽ അൻസാർ, കാൽവിൻ കവലക്കൽ , കുരുവിള ജെയിംസ് എന്നിവരെ തെരഞ്ഞെടുത്തു.

അറ്റ്ലാന്‍റയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായി ജോലി ചെയ്യുന്ന മസൂദ് അൽ അൻസാർ കെന്നെസൗ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ് ഗവൺമെൻഡിനു വേണ്ടി പ്രവർത്തിച്ചിരുന്ന സമയത്ത് അവിടുത്തെ 35,000 വിദ്യാർഥികളെ നയിക്കുകയും അവരുടെ വക്താവായി 2018 കാലഘട്ടത്തിൽ ജോർജ് വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയിൽ നടന്ന പ്രസിഡൻഷ്യൽ ലീഡർഷിപ് സമ്മിറ്റിലും ഓഗസ്റ്റ യൂണിവേഴ്സിറ്റിയിൽ നടത്തപ്പെട്ട ജോർജിയ സ്റ്റുഡൻറ് അഡ്വൈസറി കൗൺസിൽ കോൺഫറൻസിലും പങ്കെടുത്തു. ഇപ്പോൾ അദ്ദേഹം മലയാളി യുവജനങ്ങൾക്കിടയിൽ നേതൃപാടവവും വിദ്യാഭ്യാസവും വളർത്തിയെടുക്കുവാനായി നന്മ യൂത്ത് വിംഗ് നിലവിൽ വരുത്തുവാനുള്ള ശ്രമത്തിലാണ്.

ഷിക്കാഗോയിൽ താമസിക്കുന്ന കാൽവിൻ കവലക്കൽ ബയോളജിയിൽ ബിരുദം നേടിയ ശേഷം മെഡിക്കൽ ഫീൽഡിലേക്കുള്ള പ്രവേശനത്തിനായുള്ള തയാറെടുപ്പിലാണ്. പഠനത്തിനോടൊപ്പം തന്നെ ദൈവകാരുണ്യ പ്രവർത്തനങ്ങളിലും തല്പരനായിരുന്ന അദ്ദേഹം അൾത്താര ബാലനായും പള്ളിയുടെ പൊതുജന സേവന പ്രവർത്തകനായും കുട്ടികളുടെ കായിക വിനോദങ്ങൾക്കുള്ള പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 800 ഓളം അംഗങ്ങൾ ഉള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ യുവജന വിഭാഗത്തെ നയിച്ചുള്ള പരിചയവുമുണ്ട്.

ഫിലാഡൽഫിയയിൽ താമസിക്കുന്ന കുരുവിള ജെയിംസ് ടെംപിൾ യൂണിവേഴ്സിറ്റിയിൽ നിന്നും ജൂണിയർ റിസ്ക് മാനേജ്‌മന്റ് & ഇൻഷ്വറൻസ് ഐച്ഛികവിഷയമായെടുത്ത് ബിരുദപഠനം നടത്തുകയാണ് . പഠനത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവർത്തങ്ങളിലും തല്പരനായ അദ്ദേഹം ദീർഘകാലമായി KALAA എന്ന മലയാളി സംഘടനയുടെ യുവജനവിഭാഗം കോഓർഡിനേറ്ററായും പ്രവർത്തിക്കുന്നുണ്ട് . ഈ കാലയളവിൽ അദ്ദേഹത്തിന്‍റെ നേതൃപാടവമികവിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണവും ,ചാരിറ്റി പ്രവർത്തനങ്ങളും ഓണാഘോഷങ്ങൾ തുടങ്ങിയവ വളരെ നല്ലരീതിയിൽ സംഘടിപ്പിച്ചിട്ടുള്ള അനുഭവ സമ്പത്തുണ്ട് .

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നോർത്ത് അമേരിക്കയിലുള്ള എല്ലാ റീജണുകളിലുമുള്ള യുവജങ്ങളുമായി ചേർന്ന് യൂത്ത് ഫോറം സംഘടിപ്പിക്കുന്നുണ്ട് ഇതിൽ ഭാഗമാകുവാൻ താല്പര്യമുള്ളവർ [email protected] യിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: ടി. ഉണ്ണികൃഷ്‍ണൻ