ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ ഇടപെടൽ; ആശങ്കയറിയിച്ച് രാജാ കൃഷ്ണമൂർത്തി
Thursday, September 24, 2020 8:55 PM IST
ഇല്ലിനോയ്: ഇന്ത്യൻ അതിർത്തികളിൽ ചൈന നടത്തിവരുന്ന പ്രവർത്തനങ്ങളിൽ ഇല്ലിനോയിൽ നിന്നുള്ള ഡമോക്രാറ്റിക് കോൺഗ്രസ് അംഗവും ഇന്ത്യൻ അമേരിക്കൻ വംശജനുമായ രാജാ കൃഷ്ണമൂർത്തി ആശങ്കരേഖപ്പെടുത്തി. സെപ്റ്റംബർ 17ന് നടന്ന ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിയിലാണ് രാജാ തന്‍റെ ആശങ്കയറിച്ചത്.

നല്ല അയൽരാജ്യങ്ങളുടെ പെരുമാറ്റ രീതിയല്ല ചൈനയുടേതെന്നു കൃഷ്ണമൂർത്തി വ്യക്തമാക്കി. നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് ഭേദഗതി അവതരിപ്പിച്ച് കൊണ്ടുവന്ന പ്രമേയത്തിൽ അതിർത്തി പ്രദേശങ്ങളിൽ ചൈന നടത്തുന്ന പ്രകോപനങ്ങളെ കൃഷ്ണമൂർത്തി കടുത്ത ഭാഷയിൽ വിമർശിക്കുകയും യുഎസ് ഹൗസ് അതു പാസാക്കുകയും ചെയ്തിരുന്നു. ഇതേ രീതിയിലുള്ള മറ്റൊരു പ്രമേയം കൃഷ്ണമൂർത്തി സെനറ്റിൽ അവതരിപ്പിച്ചതും പാസായിരുന്നു.

1996 ലെ ഇന്ത്യാ ചൈനാ കരാർ ലംഘിച്ചു അതിർത്തിയിൽ വെടിവയ്പ് നടത്തിയതായി ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് രാജാ കൃഷ്ണമൂർത്തി ആവശ്യപ്പെട്ടു.‌

അമേരിക്ക സമാധാനത്തിന്‍റെ സന്ദേശവാഹകരായി പ്രവർത്തിക്കുമെന്നും അതിർത്തിലെ സംഭവ വികാസങ്ങൾ സശ്രദ്ധം വീക്ഷിച്ചു വരികയാണെന്നും രാജാ കൃഷ്ണമൂർത്തി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ