ഡാളസ് കൗണ്ടിയിൽ കോവിഡ് മരണം ആയിരം കവിഞ്ഞു
Wednesday, September 23, 2020 6:29 PM IST
ഡാളസ്: അമേരിക്കയിൽ കോവിഡ് രോഗബാധ മൂലം മരണമടഞ്ഞവരുടെ സംഖ്യ 200000 കവിഞ്ഞ അതേ ദിവസം തന്നെ ഡാളസ് കൗണ്ടിയിൽ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1000 ത്തിലെത്തിയതായി ഡാളസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതർ സെപ്റ്റംബർ 22നു പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

ആയിരം പേരുടെ കുടുംബാംഗങ്ങളെ ഓർത്ത് പ്രത്യേകം പ്രാർഥിക്കണമെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്സ് അഭ്യർഥിച്ചു. ആറുമാസം കൊണ്ടാണ് 1000 പേർ മരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടെക്സസിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 15,000 കവിഞ്ഞു.

മാർച്ചിൽ കോറോണ വൈറസ് മരണം സംഭവിച്ചതിനുശേഷം ആറുമാസത്തിനുള്ളിൽ ഇത്രയും മരണം നടന്നുവെങ്കിൽ 365 ദിവസത്തിനുള്ളിൽ ഇതു ഇരട്ടിയാകാൻ സാധ്യത വളരെ കൂടുതലാണെന്നും ജഡ്ജി പറഞ്ഞു. സ്വാർഥത മാത്രം ലക്ഷ്യമാക്കാതെ സമൂഹത്തിന്‍റെ സുരക്ഷിതത്വവും കൂടി കണക്കിലെടുത്ത് എല്ലാവരും നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജഡ്ജി നിർദേശിച്ചു. ഡാളസ് കൗണ്ടിയിൽ ഇതുവരെ 78377 പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിൽ ഇതിൽ 71,198 പേർ സുഖം പ്രാപിച്ചതായും റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ