വ്യത്യസ്തമായ ഓണാഘോഷവുമായി ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ
Tuesday, September 22, 2020 8:18 PM IST
ഓസ്റ്റിൻ : ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ (ഗാമ) വിവിധ പരിപാടികളോടെ ഓൺലൈനായി ഓണം ആഘോഷിച്ചു. ഓൺലൈൻ പൂക്കള മത്സരവും സദ്യ ചലഞ്ചുമായി അത്തം മുതൽ ഓസ്റ്റിൻ മലയാളികളെ ഓണത്തിന്‍റെ വരവറിയിച്ചു കൊണ്ടായിരുന്നു തുടക്കം. കോവിഡ് കാലത്തെ എങ്ങനെ പോസിറ്റീവ് ആയി നോക്കി കാണാം എന്ന തീമിൽ ഒരു ഷോർട്ട് ഫിലിം കോണ്ടെസ്റ്റും കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കർഷകശ്രീ അവാർഡും ഒക്കെ കൂടി ചേർന്നപ്പോൾ ഓസ്റ്റിൻ മലയാളികൾ തിരക്കിലായി.

ഉത്രാടം നാളിൽ ഗാമ പ്രവർത്തകർ പായസവിതരണം നടത്തി. ഒന്നാം ഓണത്തിന് ഓൺലൈനായി, വ്യത്യസ്തമായ ഒരു പിടി പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ പറ്റിയ സന്തോഷത്തിലാണ് ഗാമ. മലയാള ചലച്ചിത്ര താരം അശോകൻ, ബഡായി ബംഗ്ലാവിലെ ആര്യ എന്നിവർ ഓൺലൈൻ ആയി ചേർന്നപ്പോൾ ആഘോഷപരിപാടികൾ ഓസ്റ്റിൻ മലയാളികൾക്ക് പുതിയൊരനുഭവമായി. കർഷകശ്രീ അവാർഡുകൾ, ഷോർട്ട് ഫിലിം വിന്നേഴ്‌സ് എന്നിവയും പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ചു. കോവിഡ് കാലത്തെ സുരക്ഷാ ക്രമങ്ങൾ നർമത്തിൽ ചാലിച്ച് മഹാബലി അടക്കം ഉള്ളവരെ ഉൾപ്പെടുത്തി ഒരു ഓൺലൈൻ സ്കിറ്റും ഗാമ ഒരുക്കി.

കോവിഡ് കാലത്ത് ഗാമ നടത്തിയ ഫണ്ട് സമാഹരണത്തിന്‍റെ വിവരങ്ങളും പുറത്തുവിട്ടു. ഗാമയുടെ ഓണത്തിന് ആശംസകൾ നേർന്ന് മലയാളത്തിന്‍റെ സ്വന്തം താരങ്ങളിൽ പലരും റിക്കാർഡ് ചെയ്തയച്ച സന്ദേശങ്ങളും ഗാമയുടെ മുൻകാല പ്രസിഡന്‍റുമാരുടെ സന്ദേശങ്ങളും പരിപാടികളുടെ ഭാഗമായിരുന്നു.

ഓൺലൈനിൽ കൂടിയാണെങ്കിലും ഓണം ആഘോഷിക്കാൻ അവസരമുണ്ടായതിന് എല്ലാവരും നന്ദി അറിയിച്ചു. അടുത്ത കൊല്ലം ഇതിലും ഗംഭീരമായി ഓണം ആഘോഷിക്കാൻ പറ്റട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് ഇക്കൊല്ലത്തെ ഓണാഘോഷത്തിന് തിരശീല വീണു.

www.youtube.com/c/gamaaustin

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ