ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനം: സ്റ്റാന്‍ലി കളത്തിലിന് പിന്തുണയേറുന്നു
Monday, September 21, 2020 9:41 PM IST
ന്യൂയോര്‍ക്ക്: ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്റ്റാന്‍ലി കളത്തിലിന് പിന്തുണയേറുന്നു. ആത്മവിശ്വാസത്തോടെ പ്രചാരണ രംഗത്തു മുന്നേറുന്ന അദ്ദേഹത്തിന് സമൂഹത്തിന്‍റെ നാനാ തുറകളില്‍നിന്നുള്ളവരുടെ പിന്തുണയാണ് ലഭിക്കുന്നത്.

പക്വമായ പെരുമാറ്റം കൊണ്ട് ശ്രദ്ധേയനായ സ്റ്റാന്‍ലി കളത്തില്‍ വിജയിക്കേണ്ടത് അമേരിക്കയിലെ മലയാളി സമൂഹത്തിന്‍റെ ആവശ്യമാണെന്നു കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് റെജി പി. കുര്യന്‍ പറഞ്ഞു. ഏറ്റെടുത്ത ചുമതലകളൊക്കെ വിജയകരമായി നിര്‍വഹിക്കുന്ന സ്റ്റാന്‍ലി കളത്തിലിന് നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെയെല്ലാം പിന്തുണയുണ്ടെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്‍റ് വിന്‍സെന്‍റ് സി. സിറിയക്ക് പറഞ്ഞു.

താഴെ തട്ടില്‍നിന്നു പ്രവര്‍ത്തിച്ച് മുന്നേറിയ സ്റ്റാന്‍ലിക്ക് സമൂഹത്തിന്‍റെ പ്രശ്‌നങ്ങളെ വേഗത്തില്‍ മനസിലാക്കാനും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയുമെന്ന ഉത്തമവിശ്വാസമുണ്ട്. അതുകൊണ്ടുതന്നെയാണ് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ പൂര്‍ണപിന്തുണയുമായി സ്റ്റാന്‍ലിക്കു പിന്നില്‍ അണിനിരക്കുന്നതെന്ന് ഇന്തോ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് മാത്യു തോമസ് പറഞ്ഞു.

സംഘടനയുടെയും അതിലെ അംഗങ്ങളുടെയും നേട്ടം മാത്രം മുന്നില്‍ക്കണ്ടുപ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ലിക്ക് സമൂഹത്തിന്‍റെയാകെ പിന്തുണയുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നു നോര്‍ത്ത് ഹെംസ്റ്റഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ഡിന്‍സില്‍ ജോര്‍ജ് പറഞ്ഞു. സംഘടനയെ ശക്തമായി നയിക്കാനും ഫോമായെ നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ക്കാകെ പിന്തുണനല്‍കുന്ന സംഘടനയായി വളര്‍ത്തിയെടുക്കാനും സ്റ്റാന്‍ലിക്ക് കഴിയും. അതുകൊണ്ടു തന്നെയാണ് സ്റ്റാന്‍ലി ജനറല്‍ സെക്രട്ടറിയായി വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനാ നേതാക്കളെല്ലാം സ്റ്റാന്‍ലിക്ക് പിന്തുണപ്രഖ്യാപിച്ച് രംഗത്തെത്തിക്കഴിഞ്ഞു. അതിനു കാരണം മറ്റൊന്നുമല്ല, ഫോമായെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സ്റ്റാന്‍ലിക്ക് കഴിയുമെന്ന ഉത്തമവിശ്വാസം കൂടിയാണ്. ഓരോ ദിവസവും പിന്തുണയറിച്ച് നിരവധി പേരാണ് തന്നെ വിളിക്കുന്നതെന്ന് സ്റ്റാന്‍ലി കളത്തില്‍ പറഞ്ഞു. അമേരിക്കന്‍ മലളികള്‍ക്ക് തന്നിലുള്ള വിശ്വാസമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.