നീതിക്കുവേണ്ടിയുള്ള മുറവിളിയാണ്‌ കവിത: ഡോ. സി. രാവുണ്ണി
Monday, August 3, 2020 6:25 PM IST
കവിതക്ക് നിരവധി വ്യാഖ്യാനങ്ങളുണ്ട്. അനീതിയുടെ പെരുമഴപെയ്യുന്ന ഇക്കാലത്ത് നീതിക്കുവേണ്ടിയുള്ള മുറവിളിയാണ്‌ കവിത. പ്രവാസികൾ മലയാളത്തേയും കവിതയേയും പുസ്തകങ്ങളേയും അള്ളിപ്പിടിക്കുന്നു. ബെർടോൾഡ് ബ്രെഹ്ത് വിശക്കുന്ന മനുഷ്യാ പുസ്തകം കൈയിലെടുക്കൂ എന്നാണ്‌ പറഞ്ഞത്. തൊലിയുടെ നിറം കൊണ്ടല്ലാതെ മനസുകൊണ്ടും പ്രവർത്തികൊണ്ടും മനുഷ്യരെ വേർതിരിച്ചറിയാൻ കഴിയുന്ന ഒരു കാലം മാർട്ടിൻ ലൂഥർ കിംഗ് സ്വപ്നം കണ്ടു. പക്ഷെ അത് ഇപ്പോഴും സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. നാഷ്‌വിൽ സാഹിത്യവേദി (സാഹിതി) സൂമിലൂടെ സംഘടിപ്പിച്ച ജോർജ് ഫ്ളോയ്ഡ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. സി. രാവുണ്ണി.

തുടർന്നു സംസാരിച്ച ഡോ. എൻ.പി. ചന്ദ്രശേഖരൻ, ഇന്ത്യയിൽ 1975-77 കാലത്തെ അടിയന്തരാവസ്ഥയിൽ രാജൻ രക്തസാക്ഷിയാകുന്നതിനു മുമ്പേ മഹാകവി വൈലോപ്പിള്ളി എഴുതിയ "മരിച്ചവർ വന്ന് നയിപ്പു നമ്മളെ' എന്ന് വരികൾ ഇവിടേയും അന്വർഥമായിരിക്കുന്നു എന്ന് പറഞ്ഞുകോണ്ട് പാതാളകരണ്ടി എന്ന തന്‍റെ കവിത ആലപിച്ചു.

അധികാരികൾ എലികളെപ്പോലെയാണ്‌ കണ്ടതുമുഴുവൻ കാരും. അധികാരം എന്ന് വാക്കിൽ നിന്ന് "അ' മാറ്റുകയും "ക' ഉറപ്പിക്കുകയും ചെയ്താൽ ധിക്കാരിയായി. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പറഞ്ഞു. "എന്നെക്കാളും നിന്നെ കാണാൻ ചന്തം തോന്നും' എന്ന പാട്ടടക്കം നിരവധി കവിതകൾ ചൊല്ലിയാണ് ഏങ്ങണ്ടിയൂർ തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.

തുടർന്നു നടന്ന കവിയരങ്ങിൽ പ്രശസ്ത കവികളായ ഡോ. സുകുമാർ കനഡ, പ്രഫ. ഇ.എസ് സതീശൻ, രമ വടശേരി, ആഷിക പ്രദീപ്, ബീന്ദു ടിജി, ജിതേന്ദ്ര കുമാർ, സന്തോഷ് പാലാ, മീനു ഷാജി എലിസബത്ത്, വരുൺ നായർ, അനശ്വരം മാമ്പിള്ളി എന്നിവർ അവരുടെ കവിതകൾ അവതരിപ്പിച്ചു.

സാഹിതി പ്രസിഡന്‍റ് ശങ്കർ മന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സാഹിതി വൈസ് പ്രസിഡന്‍റ് ഷിബു പിള്ള സ്വാഗതവും സാഹിതി ജനറൽ കൺവീനർ അശോകൻ വട്ടക്കാട്ടിൽ നന്ദിയും പറഞ്ഞു. സാഹിതി കോർ കമ്മിറ്റി അംഗം മനോജ് രാജൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. മറ്റു കോർ കമ്മിറ്റി അംഗങ്ങളായ രാജു കാണിപ്പയ്യൂർ, അനീസ് കുഞ്ഞു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.