ന്യൂജേഴ്സി ഡമോക്രാറ്റിക് പ്രൈമറി; ഏമി കെന്നഡിക്ക് വിജയം
Thursday, July 9, 2020 9:14 PM IST
ന്യൂജേഴ്സി: സംസ്ഥാനത്തു നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥിയായി സെക്കന്‍റ് ഡിസ്ട്രിക്ടിൽ നിന്നും യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുവാൻ എമി കെന്നഡി യോഗ്യത നേടി. ഡമോക്രാറ്റിക് സ്ഥാനാർഥി ബ്രിജി‍ഡ് കലഹൻ ഹാരിസനെയാണ് വൻ മാർജിനിൽ ഏമി പരാജയപ്പെടുത്തിയത്.

എമിക്ക് പോൾ ചെയ്ത ഡമോക്രാറ്റിക് വോട്ടുകളിൽ 18568 (59.3%) ലഭിച്ചപ്പോൾ എതിർസ്ഥാനാർഥി ബ്രിജിഡിന് 7983 (25.5%) വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മൂന്നാമത്തെ സ്ഥാനാർഥി വിൽ കുന്നിംഗ്ഹാം 3649 (11.6%) വോട്ടുകളാണ് നേടിയത്.

2018ൽ ഡമോക്രാറ്റിക് സ്ഥാനാർഥിയായി ഇതേ ‍‍ഡിസ്ട്രിക്ടിൽ നിന്നും യുഎസ് കോൺഗ്രസിലേക്ക് വിജയിച്ച വാൻഡ്രു പ്രസിഡന്‍റ് ഇംപീച്ച്മെന്‍റിനെതിരെ വോട്ടു ചെയ്തു റിപ്പബ്ലിക്കൻ പാർട്ടിയോട് കൂറു പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്കൻ പ്രൈമറിയിൽ റോബർട്ട് പാറ്റേഴ്സനെ പരാജയപ്പെടുത്തി നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ എമി കെന്നഡിയെ നേരിടുന്നതിന് വാൻഡ്രു അർഹത നേടി.

ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്ന ഈ സീറ്റിൽ ഏമി കെന്നഡി ജയിക്കുമോ അതോ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും കൂറുമാറി റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന വാൻഡ്രു വിജയിക്കുമോ എന്നറിയണമെങ്കിൽ നവംബർ വരെ കാത്തിരിക്കണം.

മുൻ ചരിത്ര അധ്യാപികയും മെന്‍റൽ ഹെൽത്ത് അഡ്വക്കേറ്റും മുൻ കോൺഗ്രസ് അംഗം പാട്രിക് ജെ. കെന്നഡിയുടെ (മുൻ സെനറ്റർ എഡ്വേർഡ് എം. കെന്നഡിയുടെ മകൻ) ഭാര്യയുമായ എമി കെന്നഡിക്ക് ന്യൂജേഴ്സി ഗവർണർ ഫിലിപ്പ് ഡിമർഫി ശക്തമായ പിന്തുണ നൽകുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ വാൻഡ്രുവിനെ പിന്തുണയ്ക്കുന്നത് അമേരിക്കൻ പ്രസിഡന്‍റ് ട്രംപാണ്. എന്നിരുന്നാലും മറുകണ്ടം ചാടി റിപ്പബ്ലിക്കൻ പാർട്ടിയിൽ എത്തിയ വാൻഡ്രുവിന് വിജയിക്കണമെങ്കിൽ ശരിക്കും വിയർപ്പൊഴുക്കേണ്ടി വരും.

റിപ്പോർട്ട്: പി.പി. ചെറിയാൻ