ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ്: ഡോ. ജോസഫ് ചാലിൽ ചെയർമാൻ, ഡോ. എസ്.എസ്. ലാൽ പ്രസിഡന്‍റ്
Wednesday, July 1, 2020 11:54 AM IST
ലാസ് വേഗാസ്: നോർത്ത് അമേരിക്കയിലെ മാധ്യമപ്രവർത്തകരുടെ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ ദേശീയ ഭാരവാഹികളും, അമേരിക്കയിലും കാനഡയിലുമുള്ള എട്ടു ചാപ്റ്ററുകളുടെ നവസാരഥികളും, പ്രശസ്ത രാഷ്ട്രീയ മാധ്യമ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ജൂൺ 28 നു നടന്ന പ്രഥമ സൂം വീഡിയോ കോൺഫറൻസിലൂടെ ഭരണസാരഥ്യം ഏറ്റെടുക്കുകയുണ്ടായി. പുതിയ ദിശകളിലേക്കും ഉയർന്ന മാനങ്ങളിലേക്ക് ഈ സംഘടനയെ ഉയർത്തുവാൻ കഴിവുള്ള അവരുടെ നേതൃത്വം വലിയ ഊർജ്ജമാണ് സംഘടനയ്ക്ക് നൽകുന്നത്. സ്ഥാപക നേതാവും സ്ഥാപക ചെയർമാനുമായ ജിൻസ്മോൻ സക്കറിയ പുതുതായി ചുമതലയേറ്റ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക്, സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ബോർഡ് ചെയർമാൻ ഡോ. ജോസഫ് ചാലിൽ കൂടാതെ മാത്തുക്കുട്ടി ഈശോ, മിനി നായർ, തമ്പാനൂർ മോഹൻ എന്നിവർ പുതുതായി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയി ഉത്തരവാദിത്വമേറ്റെടുത്തു.. ഡോ. ചാലിലീനെ അതിഥികൾക്ക് പരിചയപ്പെടുത്തി സംസാരിച്ചത് സ്ഥാപക പ്രസിഡണ്ട് ആയ അജയഘോഷ് ആയിരുന്നു.

ഒരു മെഡിക്കൽ ഡോക്ടർ കൂടിയായ ഡോ. ചാലിൽ യൂണിവേഴ്സൽ ന്യൂസ് നെറ്റ്‌വർക്കിന്റെ സ്ഥാപകനും പല ശാസ്ത്ര സാങ്കേതിക ലേഖനങ്ങളുടെ ഉപജ്ഞാതാവും, അവ പല രാജ്യാന്തര മീഡിയകളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതും ആകുന്നു. അദ്ദേഹം യുഎസ് നേവി മെഡിക്കൽ കോറിന്റെ ഒരു വെറ്ററനും ഒരു സർട്ടിഫൈഡ് ഹെൽത്ത് കെയർ മാനേജ്മെൻറ് വിദഗ്ധനും കൂടിയാണ്. അമേരിക്കൻ കോളേജ് ഓഫ് ഹെൽത്ത് കെയർ എക്സിക്യൂട്ടീവിന്റെ പല അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഡോക്ടർ ചാലിലിന്റെ പേരിൽ അമേരിക്കയിൽ, ക്ലിനിക്കൽ ട്രയൽ മാനേജ്മെന്റിലും സിസ്റ്റിക് ഫൈബ്രോയ്ഡ്, ഫുഡ് അലർജി, മൾട്ടിപ്പിൾ മൈലോമ എന്നിവയിൽ പല കണ്ടുപിടുത്തങ്ങൾക്കും പേറ്റൻറ് അദ്ദേഹത്തിൻറെ പേരിൽ ഉണ്ട്.

അമേരിക്കൻ അംബാസഡർ പ്രദീപ്കുമാർ അദ്ദേഹത്തിൻറെ അധ്യക്ഷപ്രസംഗത്തിൽ ഐ ഏ പി സി യുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയും, ഇപ്പോൾ സംജാതമായിരിക്കുന്ന സാഹചര്യത്തിൽ പത്ര റിപ്പോർട്ടർമാരും മീഡിയ പ്രവർത്തകരും,

ഏറെ വെല്ലുവിളികൾ നേരിട്ട് കൊണ്ടാണ് അവരുടെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർ ശശി തരൂർ എംപി പത്രപ്രവർത്തകരുടെയും മീഡിയകളുടെയും സമൂഹത്തോടുള്ള പ്രതിബദ്ധതയും സമൂഹത്തോടുള്ള പ്രാധാന്യത്തെയും കൂടാതെ ഐ ഏ പി സി യുടെ പ്രവർത്തനങ്ങളെയും മുക്തകണ്ഠം പ്രശംസിച്ചു. ഖലീജ് ടൈംസിലെ ഐസക് ജോൺ ദുബായിൽ നിന്നും, ഏഷ്യാനെറ്റ് ടിവി ക്കുവേണ്ടി എം ജി രാധാകൃഷ്ണനും, 24 ന്യൂസ് ചാനലിൽ നിന്നും ശ്രീകണ്ഠൻ നായരും, ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നും പ്രീതു നായരും ഐ ഏ പി സിയുടെ മെമ്പർമാരെയും പുതിയ സാരഥികളെയും അഭിനന്ദിച്ചുകൊണ്ട്, പത്രസ്വാതന്ത്ര്യം ഒരു ജനതയുടെ സ്വാതന്ത്ര്യം ആണെന്നും അതു സമൂഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നും കൂടാതെ ഈ പ്രസ്സ് ക്ലബ്ബിന്റെപ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ടും സംസാരിച്ചു.

സാമൂഹിക പ്രതിബദ്ധതയും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾക്കും, മൂന്ന് അമേരിക്കൻ ഇന്ത്യക്കാരെ, ഐഏപിസിയുടെ എക്സലൻസ് അവാർഡ്കൾ നൽകി ആദരിച്ചു. പ്രശസ്ത പ്രോത്സാഹകപുസ്ത രചയിതാവും, വാഗ്മിയുമായ ബോബ് മിഗ് ലാനിക്ക്, ലിറ്ററേച്ചർ എക്സലൻസ് അവാർഡ്, ഐഏപിസി വൈസ് ചെയർമാൻ ഡോ.. മാത്യു ജോയ്സ് നൽകുകയുണ്ടായി. മികച്ച യുവസംരംഭകനുള്ള ബിസിനസ് എക്സലൻസ് അവാർഡ്, ക്യുഫാർമാ എം ഡിയും ഫാർമസ്യൂട്ടിക്കൽ വിദഗ്ധനുമായ ബാദൽ ഷായ്ക്ക് ഐഏപിസി ജനറൽ സെക്രട്ടറി ബിജു ചാക്കോ നൽകി, സാങ്കേതികമികവിനുള്ള ടെക്നോളജി എക്സലൻസ് അവാർഡ്, റെസ്ക്യു പൈലറ്റും റോബോട്ടിക് വിദഗ്ധനുമായരവീന്ദർ പാൽ സിങ്, ഐഏപിസി എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആനി കോശിയിൽനിന്നും ഏറ്റുവാങ്ങി.

ബോർഡ് സെക്രട്ടറി മാത്തുക്കുട്ടി ഈശോ വീഡിയോ കോൺഫറൻസിന്റെ ആരംഭം കുറിച്ചുകൊണ്ട് എല്ലാ വിശിഷ്ടാതിഥികളെയും ഐഏപിസി മെമ്പർമാരെയും സൂം വീഡിയോ കോൺഫറൻസിലേക്കു സ്വാഗതം ചെയ്തു.എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കൂടിയായ, എംസി ആനി കോശി അസാധാരണ പാടവത്തോടെ വീഡിയോ കോൺഫറൻസിംഗ് ക്രമീകരിച്ച് അവതരിപ്പിച്ചു ഐഏപിസി ഡയറക്ടർ തോമസ് മാത്യു അനിൽ എല്ലാവർക്കും നന്ദി പറഞ്ഞ് സംസാരിച്ചു. പുതുതായി ചാർജെടുത്ത എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സിനും ചെയർമാനായ ഡോക്ടർ ജോസഫ് ചാലിൽ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പുതുതായി ചാർജെടുത്ത നാഷണൽ എക്സിക്യൂട്ടീവ്കൾ ഡോ. എസ്. എസ്. ലാൽ, ആനി കോശി, സി.ജി. ഡാനിയേൽ, ജെയിംസ് കുരീക്കാട്ടിൽ, പ്രകാശ് ജോസഫ്, സുനിൽ മഞ്ഞനിക്കര, ബിജു ചാക്കോ, ആൻഡ്രൂ ജേക്കബ്, രാജ് ഡിങ്ങറ, ആനി ചന്ദ്രൻ, നീതു തോമസ്, ഇന്നസെൻറ് ഉലഹന്നാൻ, ബിജു പകലോമറ്റം, ഓ.കെ.ത്യാഗരാജൻ. ഷിബി റോയ്, കോരസൺ വർഗീസ് എന്നിവരാണ്.

ഐഏപിസിയുടെ ട്രഷറർ ആയ റെജി ഫിലിപ്പ് ഡോ. എസ്. എസ് ലാലിനെ അധ്യക്ഷപ്രസംഗത്തിലേക്ക് ക്ഷണിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ പത്രപ്രവർത്തകരും മീഡിയകളും സമൂഹത്തിനുവേണ്ടി സത്യം പുറത്തു കൊണ്ടുവരുവാനും അതു സമൂഹത്തിലേക്ക് എത്തിക്കുവാനും ഉള്ള പ്രവർത്തനം തികച്ചും വെല്ലുവിളികൾ നിറഞ്ഞതാണെന്നും, പലപ്പോഴും തങ്ങളുടെ ജീവനെ പോലും ത്യജിക്കേണ്ടി വന്ന അനേകം പത്ര പ്രവർത്തകരെ നമുക്ക് ആദരണീയരായി സ്മരിക്കേണ്ടതുണ്ടെന്നും ഓർപ്പിച്ചു.

ഡോ. ലാൽ ആരോഗ്യപരിപാലനരംഗത്ത് ലോകപ്രശസ്തനും പല ടിവി മാധ്യമങ്ങളിൽ ഒരു ഗസ്റ്റ് സ്പീക്കറും കഴിവുതെളിയിച്ച ഒരു എഴുത്തുകാരനുമാണ്. ഡോ. ലാൽ, 2013 ൽ അമേരിക്കൻ ഇൻറർ നാഷണൽ ഹെൽത്ത് ഓർഗനൈസേഷൻന്റെ പകർച്ചവ്യാധി തടയുന്ന ഡിപ്പാർട്ട്മെൻറ് തലവനായി ചുമതലയേൽക്കുകയും വാഷിംഗ്ടൺ ഡി സി യിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുമായി ചേർന്ന് പല രാജ്യങ്ങളിൽ സന്ദർശിക്കുകയും പല പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു 1993 ൽ ഏഷ്യാനെറ്റിൽ പൾസ് എന്നുപറയുന്ന ഒരു ആരോഗ്യസംബന്ധമായ ടിവി പ്രോഗ്രാം തുടങ്ങുകയും ഏകദേശം അഞ്ഞൂറിലധികം എപ്പിസോഡുകൾ പിന്നിടുകയും ചെയ്തു. അദ്ദേഹം ധാരാളം ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ചെറുകഥകളുടെ സമാഹാരം “ടിറ്റോണി” കഴിഞ്ഞവർഷം ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചിരുന്നു. അടുത്തകാലത്ത് ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് എന്ന സംഘടനയുടെ പ്രസിഡണ്ടായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു..

ടൊറന്റോ, ഡാലസ്, ഫിലാഡൽഫിയ എന്നിവിടങ്ങളിലുള്ള ചാപ്‌റ്റർ ഭാരവാഹികളെ ഡയറക്ടർ പ്രവീൺ ചോപ്ര പരിചയപ്പെടുത്തുകയും തുടർന്ന് കമലേഷ് മേത്ത പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. വാൻകൂവറിൽ നിന്നുള്ള പുതിയ ഭാരവാഹികളെ തമ്പാനൂർ മോഹൻ പരിചയപ്പെടുത്തുകയും നയാഗ്ര ഫാൾസിൽ ഉള്ളവരെ ആഷ്‌ലി ജോസഫ്, അറ്റ്ലാന്റ, ഹ്യൂസ്റ്റൻ, ആൽബർട്ട എന്നിവിടങ്ങളിൽ ഉള്ളവരെ ഡയറക്ടർ മിനി നായർ പരിചയപ്പെടുത്തുകയും തുടർന്ന് ഡോ. ലാൽ എല്ലാവർക്കും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തുകയും ചെയ്തു. ബൈജു പകലോമറ്റം(ടൊറന്റോ), ആസാദ് ജയൻ (നയാഗ്രാ) മില്ലി ഫിലിപ്പ്(ഫിലാഡൽഫിയ) അനിതാ നവീൻ (വാന്കൂവർ) ജോസഫ് ജോൺ (ആൽബർട്ട), സി.ജി. ഡാനിയേൽ (ഹൂസ്റ്റൺ), മീന നിബു (ഡാളസ്), പി.വി.ബൈജു (ഡയറക്ടർ), സാബു കുരിയൻ ( അറ്ലാന്റാ) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (ഐ ഏ പി സി) എന്ന ഈ സംഘടന അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ളിൽ നിന്നുള്ള ഇന്ത്യൻ വംശജരായ വിവിധ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ്. ഏഴാം വർഷത്തിലൂടെ വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടന, കഴിവുള്ള ജേർണലിസ്റ്റുകളെ വളർത്തിയെടുക്കുവാൻ പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ മീഡിയ പ്രവർത്തകർക്കും പൂർണ്ണ പിന്തുണയും നൽകുന്നു. സമൂഹത്തിലേക്കു സത്യസന്ധമായ വാർത്തകൾ എത്തിക്കുന്നതോടൊപ്പം തന്നെ സത്യവും സുതാര്യവുമായ വാർത്തകൾ ഒരു നല്ല സമൂഹത്തിൻറെ ജീവശ്വാസം പോലെ തന്നെ എന്ന് വിശ്വസിക്കുന്നു. അമേരിക്കയിലും കാനഡയിലും ആയി പതിനഞ്ചോളം ഐഏപിസി ചാപ്റ്ററുകൾ പ്രവർത്തിക്കുന്നു.

റിപ്പോർട്ട് : ഡോ. മാത്യു ജോയിസ്