ചൈനയെ ശീതയുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് അമേരിക്ക: വാങ് യി
Tuesday, May 26, 2020 1:18 PM IST
വാ​ഷിംഗ്ടൺ: കോവിഡ് പ്രതിസന്ധിക്കിടയിലും പരസ്പരം വെല്ലുവിളിച്ചും പഴിചാരിയും അമേരിക്കയും ചൈനയും. യുഎസ് ശീത യുദ്ധത്തിന്‍റെ വക്കിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആരോപിച്ചു. കൊറോണ വൈറസ് വരുത്തിവച്ച നഷ്ടത്തിനു പുറമേ അമേരിക്ക വഴി ഒരു രാഷ്ട്രീയ വൈറസ് പടര്‍ന്നു പിടിക്കുന്നുണ്ടെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.

"അമേരിക്കയിലെ ചില രാഷ്ട്രീയ ശക്തികള്‍ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം ഒരു ശീതയുദ്ധത്തിന്‍റെ വക്കിലേക്ക് തള്ളിവിടാനുള്ള ശ്രമിത്തിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,' വാങ് യി പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരം, മനുഷ്യാവകാശം തുടങ്ങി നിരവധി വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ചൈനയുമായുള്ള വ്യാപാര കരാര്‍ പുതുക്കാന്‍ താല്പര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ പേരിലും ഇരുരാജ്യങ്ങള്‍ക്കിടയിലും പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ ചൈനക്ക് മറുപടി എന്നോണം ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശനത്തിന് അമേരിക്കയും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

കോവിഡിനു പിന്നില്‍ ചൈനയാണെന്ന് ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. ട്രംപിന്‍റെ ആരോപണത്തിനു പിന്നാലെ ‘വണ്‍സ് അപ്പോണ്‍ എ വൈറസ്’ എന്ന പേരില്‍ അമേരിക്കയെ പരിഹസിച്ച് ചൈന ഒരു അനിമേഷന്‍ വീഡിയോ ഇറക്കിയിരുന്നു.

നിലവില്‍ ഹോങ്കോംഗിന്‍റെ പേരിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം നടക്കുന്നത്. ഹോങ്കോംഗില്‍ പുതിയ സുരക്ഷാ നിയമം ഏര്‍പ്പെടുത്താനുള്ള നടപടിക്കെതിരെ അമേരിക്ക രംഗത്തുവന്നിരുന്നു. ചൈനയുടെ നീക്കം എന്താണെന്ന് വ്യക്തമല്ലെന്നും എന്നാല്‍ വ്യക്തമായാല്‍ അതിനോട് പ്രതികരിക്കുമെന്ന് ട്രംപും മുന്നറിയിപ്പ് നല്‍കി. ഹോങ്കോംഗിന്‍റെ സ്വയംഭരണം സംരക്ഷിക്കുന്നതിനായി അമേരിക്ക ഒരു നിയമം കൊണ്ടുവന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ചൈനക്ക് താക്കീത് നല്‍കിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ