ജോസഫ് മാത്യുവിന് കേരള ക്ലബിന്‍റെ പ്രണാമം
Saturday, May 23, 2020 11:09 PM IST
മിഷിഗൺ: കോവിഡ് മഹാമാരി കവർന്നെടുത്ത മെട്രോ ഡിട്രോയിറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ജോസഫ് മാത്യുവിന്‍റെ സ്മരണാർഥം ഡിട്രോയിറ്റിലെ കേരള ക്ലബിന്‍റെ നേതൃത്വത്തിൽ ജോൺ ഡി. ഡിങ്കൽ വെറ്ററൻസ് അഫേർസ് മെഡിക്കൽ സെന്‍ററിലെ ആരോഗ്യ പ്രവർത്തകർക്ക് കൈകൊണ്ടു നിർമിച്ച 300 മികച്ചയിനം മാസ്കുകൾ വിതരണം ചെയ്തു.

മഞ്ജു ജാക്കുളയാണ് മാസ്കുകൾ നിർമിച്ചത്. ജോൺ ഡി. ഡിങ്കൽ വെറ്ററൻസ് അഫേർസ് മെഡിക്കൽ സെന്‍ററിൽ നിന്നും കേരള ക്ലബിന് നന്ദി അറിയിച്ചുകൊണ്ട് സന്ദേശവും കേരള ക്ലബ് പ്രസിഡന്‍റിനു ലഭിച്ചു.

ക്ലബിന്‍റെ നേതൃത്വത്തിൽ മിഷിഗണിലെ വിവിധ ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്കു ഭക്ഷണവും മാസ്കുകളും നേരത്തെ വിതരണം ചെയ്തിരുന്നു. മനുഷ്യന്‍റെ സാമൂഹ്യ ജീവിതത്തിന്‍റെ താളക്രമം തന്നെ ഈ കോവിഡ് കാലം തകിടം മറിച്ചിരിക്കുന്നു. കോവിഡിനു ശേഷം ജീവിതം എങ്ങനെ ക്രമപ്പെടുത്തണം എന്നതിന് സഹായകമായി ഒരു സാമൂഹ്യ ബോധവൽക്കരണ പദ്ധതി കേരള ക്ലബ് രൂപപ്പെടുത്തി നടപ്പാക്കാൻ പോകുന്നു.

മാസ്കുകളും ഫേസ് ഷീൽഡുകളും ആവശ്യമുള്ള ആരോഗ്യ പ്രവർത്തകർ കേരള ക്ലബ് പ്രസിഡന്‍റ് അജയ് അലക്സിനെ 248-767-9451 സമീപിക്കുക.

റിപ്പോർട്ട്: അലൻ ചെന്നിത്തല