ഗ്യാസിന്‍റെ വില കുത്തനെ താഴെക്ക്; ഗാലന് ഒരു ഡോളർ, ആദ്യ സ്റ്റോർ കെന്‍റുക്കിയിൽ
Wednesday, March 25, 2020 1:35 AM IST
കെന്‍റുക്കി: അമേരിക്കയിൽ ഒരു ഗാലൻ ഗ്യാസിന് ഒരു ഡോളറിന് വിൽപന ആരംഭിച്ച ആദ്യ ഗ്യാസ് സ്റ്റേഷൻ എന്ന ബഹുമതി കെന്‍റുക്കി ലണ്ടൻ സിറ്റിയിലെ ഗ്യാസ് സ്റ്റേഷനു ലഭിച്ചു.1999 നുശേഷം ആദ്യമായാണ് നാഷണൽ ആവറേജ് ഒരു ഡോളറിലെത്തുന്നത്.

ഒരു മാസം മുമ്പ് രണ്ടു ഡോളറിനു മുകളിൽ നിന്നിരുന്ന ഗ്യാസിന്‍റെ വിലയാണ് നൂറു ശതമാനത്തോളം താഴ്ന്ന് ഒരു ഡോളറിലെത്തി നിൽക്കുന്നത്.ആഗോളതലത്തിൽ പ്രത്യേകിച്ച് അമേരിക്കയിൽ വ്യാപകമായ കൊറോണ വൈറസാണ് ഗ്യാസിന്‍റെ വില ഇത്രയും താഴുവാൻ കാരണമായി ചൂണ്ടികാണിക്കുന്നത്. രാജ്യം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നതിന്‍റെ സൂചന കൂടിയാണ് ഗാസിന്‍റെ വിലയിൽ ഉണ്ടായ ഈ കുറവ് എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

രാജ്യാന്തരതലത്തിൽ വിമാന സർവീസുകൾ റദ്ദു ചെയ്തതും റോഡിലൂടെയുള്ള വാഹന ഗതാഗതം കുറഞ്ഞതും ഗ്യാസിന്‍റെ ഉപയോഗം കുറച്ചിരിക്കുന്നു. ഇതോടെ ഗ്യാസിന്‍റെ ഓവർ സ്റ്റോക്ക് വിറ്റഴിക്കുക എന്നതും വിലകുറയുന്നതിന് കാരണമായി ചൂണ്ടികാണിക്കുന്നു. വരും ദിവസങ്ങളിൽ ഇനിയും വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഗ്യാലന് ഡോളർ 1.75 ആണ് ശരാശരി വില. ഏപ്രിൽ മാസത്തോടെ ഇതു 1.49 ൽ എത്തുമെന്ന് പെട്രോളിയം അനലിസിസ് ഗ്യാസ് ബഡി തലവൻ പാട്രിക് പറഞ്ഞു. ചില ദിവസങ്ങൾക്കുള്ളിൽ ഒക് ലഹോമയിലും ഇല്ലിനോയിസിലും ഗാലന് ഒരു ഡോളറിലെത്തുമെന്നും പാട്രിക് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ