എസ്. സി. അഗർവാളിനും ആർ. രാധാകൃഷ്ണനും കെ. പത്മനാഭൻ സ്മാരക ദേശീയ വിവരാവകാശ പുരസ്കാരം
Friday, February 21, 2020 5:45 PM IST
ന്യൂ ഡൽഹി: പ്രവാസി ലീഗൽ സെൽ കെ. പത്മനാഭൻ സ്മാരക ദേശീയ പുരസ്കാരത്തിന് പ്രമുഖ വിവരാവകാശ പ്രവർത്തകനായ സുബാഷ് ചന്ദ്ര അഗർവാളും മാധ്യമ പ്രവർത്തകനായ ആർ. രാധാകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു.

അടുത്തമാസം ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ഡോ. ബിൻസ് സെബാസ്റ്റ്യൻ അറിയിച്ചു.

ഇന്ത്യയിലെ അഴിമതിക്കെതിരായ വിവരാകാശ നിയമത്തെ ഒരു ഉപകരണമായി ഉപയോഗപ്പെടുത്തിയതിലും വിവരാവകാശ നിയമം ജനകീയമാക്കുന്നതിൽ നൽകിയ നിസ്തുലമായ സേവനങ്ങളെ മാനിച്ചാണ് അവാർഡ്.

സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്‍റെ ഓഫീസ് വിവരവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ 2019 ലെ ചരിത്ര പ്രധാനമായ വിധി അഗർവാൾ നൽകിയ ഹർജിയിലാണ് ഉണ്ടായത്. വിവരാകാശ നിയമത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം നിരവധി ഉത്തരവുകൾ നേടിയെടുക്കുവാനും ഇദ്ദേഹത്തിന് സാധിച്ചു.


വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിച്ച് മാധ്യമ രംഗത്ത് സുപ്രധാനമായ ഇടപെടലുകൾ നടത്തിയതിനാണ് മാധ്യമ പ്രവർത്തകനായ ആർ. രാധാകൃഷ്ണൻ പുരസ്കാരത്തിന് അർഹനായത്. ടെലിവിഷൻ ചാനലായ ന്യൂസ് 24 ഡൽഹിയിൽ ബ്യൂറോ ചീഫായി ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.

വിവരാവകാശ പ്രവർത്തകനും പ്രവാസി ലീഗൽ സെല്ലിന്‍റെ ആദ്യത്തെ വൈസ് പ്രസിഡന്‍റുമായ കെ. പദ്മനാഭന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് വിവരാകാശ നിയമം - 2005 വഴിയായി സമൂഹത്തിൽ മാറ്റങ്ങൾ കുണ്ടുവരുവാൻ ശ്രമിക്കുന്ന സാമൂഹിക പ്രവർത്തകർക്കാണ് നൽകുന്നത്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്