ഹാരിസ് കൗണ്ടി റോഡരികിൽ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി
പി.പി. ചെറിയാൻ
Friday, September 12, 2025 6:07 AM IST
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ റോഡരികിൽ മുൻ നാവിക ഉദ്യോഗസ്ഥനും (മറൈൻ വെറ്ററൻ) ഊബർ ഡ്രൈവറുമായ ക്വോക് എൻഗുയെനെ (28) വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
സെപ്റ്റംബർ 4ന് രാത്രി 11 മണിയോടെയാണ് വടക്കുപടിഞ്ഞാറൻ ഹാരിസ് കൗണ്ടിയിലെ ലേക്ക്വുഡ് ഫോറസ്റ്റ് ഡ്രൈവിൽനിന്നും എൻഗുയെന്റെ മൃതദേഹം ലഭിക്കുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണോ അതോ ഇവിടെ വച്ച് തന്നെ കൊലപ്പെടുത്തിയതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
സംഭവത്തിനു പിന്നാലെ, എൻഗുയെന്റെ സ്വകാര്യ വാഹനം കാണ്മാനില്ല. ഇത് സംബന്ധിച്ച അന്വേഷണവും നടന്നുവരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
കുടുംബത്തെ സഹായിക്കാൻ വേണ്ടിയാണ് എൻഗുയെൻ ഊബർ ഡ്രൈവറായി ജോലി ചെയ്തിരുന്നത്. ഒപ്പം, മെഡിക്കൽ ടെക്നീഷ്യൻ (ഇഎംടി) ആകാനുള്ള പഠനവും നടത്തുന്നുണ്ടായിരുന്നു. എൻഗുയെന്റെ വിയോഗത്തിൽ ഊബർ അനുശോചനം രേഖപ്പെടുത്തി.