കാതോലിക്കാബാവയുടെ ഡാളസ് സന്ദർശനം ശനിയാഴ്ച മുതൽ
പി.പി. ചെറിയാൻ
Thursday, September 11, 2025 3:27 PM IST
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ ഹ്രസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തുന്നു.
ശനിയാഴ്ച മുതൽ ഡാളസിലെ വിവിധ ദേവാലയങ്ങളിൽ അപ്പോസ്തലീക സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ ഇർവിൻ സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും
വൈകുന്നേരം മെക്കാനി സെന്റ് പോൾ ഇടവകയിൽ സന്ധ്യാനമസ്കാരവും അനുഗ്രഹ പ്രഭാഷണവും നടത്തും. ഞായറാഴ്ച രാവിലെ 8.45നു കാരോൾട്ടൺ സെന്റ് മേരീസ് ദേവാലയത്തിൽ കുർബാനയും സ്ലീബാ പെരുന്നാളിന് പ്രത്യേക പ്രാർഥനകളും നടത്തും.
ഞായറാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് മിഷൻ ദേവാലയത്തിൽ സ്വീകരണവും തുടർന്ന് സന്ധ്യാനമസ്കാരം നടത്തും. തിങ്കളാഴ്ച വൈകുന്നേരം ഡാളസിലെ ഓർത്തഡോക്സ് വൈദികരുടെ സംഗമത്തെ അഭിസംബോധന ചെയ്യും.
ചൊവ്വാഴ്ച വൈകുന്നേരം ഡാളസ് സെന്റ് തോമസ് ഇടവകയിൽ അപ്പോസ്തലിക സന്ദർശനവും നമസ്കാരവും ഉണ്ടായിരിക്കും. ബുധനാഴ്ച രാവിലെ ഭദ്രാസന ആസ്ഥാനമായ ഹൂസ്റ്റണിലേക്കു തിരികെ യാത്ര തിരിക്കും.
കാതോലിക്കാബാവയുടെ സന്ദർശനം അനുഗ്രഹപ്രധമാക്കാൻ വിവിധ ഇടവകകൾ വൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: വെരി റവ. രാജു ഡാനിയേൽ കോറെപ്പിസ്കോപ്പ - 214 476 6584.