ഡിഎംഎ അവാർഡുകൾ പ്രഖ്യാപിച്ചു
Monday, March 31, 2025 12:02 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വർഷം തോറും ഡിഎംഎ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നൽകി വരാറുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
ഈ വർഷത്തെ "ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' അന്തരിച്ച സി.എൽ. ആന്റണിക്ക് മരണാനന്തര ബഹുമതിയായും "ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം' ഡോ രമേഷ് നമ്പ്യാർക്കും 'ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം' (രണ്ടു പേർക്ക്), സി. ചന്ദ്രൻ, എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർക്കും 'ഡിഎംഎ കലാഭാരതി പുരസ്കാരം' ഡോ നിഷാ റാണിക്കും സമ്മാനിക്കും.
ഏപ്രിൽ 13ന് ഉച്ചകഴിഞ്ഞു മൂന്ന് മുതൽ ആർകെ പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന 76-ാമത് ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങളോട് അനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ ചെയർമാൻമാരായ എം.എൽ. ഭോജൻ (മയൂർ വിഹാർ ഫേസ്-2), എസ്. അജികുമാർ (ദിൽശാദ് കോളനി), എം. ഷാജി (ആശ്രം - ശ്രീനിവാസ്പുരി), കെ. ഉണ്ണിക്കൃഷ്ണൻ (വസുന്ധരാ എൻക്ലേവ്), ഇ. ജെ. ഷാജി (രജൗരി ഗാർഡൻ) എന്നിവർ അടങ്ങുന്നതായിരുന്നു അവാർഡ് സെലക്ഷൻ കമ്മിറ്റി.