സീറ്റിൽ ഭക്ഷണം വീണു; ബസ് ജീവനക്കാർ പാചകക്കാരനെ തല്ലിക്കൊന്നു
Monday, February 10, 2025 12:55 PM IST
ന്യൂഡൽഹി: യാത്രാബസിന്റെ സീറ്റിൽ ഭക്ഷണപദാർഥങ്ങൾ വീണതിനു ജീവനക്കാർ പാചകക്കാരനെ തല്ലിക്കൊന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബവാനയിലാണു സംഭവം. കേസിൽ ആർടിവി ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് പറഞ്ഞു.
രണ്ടുപേർ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ്. നരേല സ്വദേശിയായ മനോജ് എന്ന ബാബുവാണു മരിച്ചത്. പ്രതികളിലൊരാൾ ബാബുവിന്റെ സ്വകാര്യഭാഗത്ത് ഇരുമ്പുവടി കുത്തിയിറക്കിയതായും പോലീസ് പറഞ്ഞു.
ക്രൂരമർദനത്തെത്തുടർന്ന് അബോധാവസ്ഥയിലായ ബാബുവിനെ ബവാന ഫ്ലൈഓവറിനു സമീപം ഉപേക്ഷിച്ചശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുൽത്താൻപുർ ദാബാസിൽ നടന്ന വിവാഹസദ്യക്കുശേഷം പാചകക്കാരായ ബാബുവും ദിനേശും രാത്രിയിൽ മടങ്ങുകയായിരുന്നു. ബാക്കിവന്ന ഭക്ഷണം ഇവർ പാത്രത്തിൽ കരുതിയിരുന്നു.
യാത്രയ്ക്കിടെ കുറച്ചു ഭക്ഷണം ബസിന്റെ സീറ്റിൽ വീണു. ഇതിൽ പ്രകോപിതരായ ഡ്രൈവറും സഹായികളും ഇവരെ ക്രൂരമായി മർദിച്ചു. വസ്ത്രമഴിപ്പിച്ച് സീറ്റ് തുടപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ദിനേശിനു ഗുരുതരമായി പരിക്കേറ്റിരുന്നു.