നൂറിലധികം ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ട്രക്കിനു തീപിടിച്ച് വൻസ്ഫോടനം
Saturday, February 1, 2025 5:27 PM IST
ന്യൂഡൽഹി: ഡൽഹിയിലെ ഗാസിയാബാദിൽ നൂറിലധികം ഗ്യാസ് സിലിണ്ടറുകൾ കയറ്റിവരികയായിരുന്ന ട്രക്കിനു തീപിടിച്ചു വൻ സ്ഫോടനം. താന ടീല മോഡ് ഏരിയയിലെ ഡൽഹി-വസീറാബാദ് റോഡിലെ ഭോപുര ചൗക്കിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം.
സ്ഫോടനശബ്ദം മൂന്നു കിലോമീറ്റർ ദൂരെവരെ കേട്ടിരുന്നു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു വീടിനും ഗോഡൗണിനും തീപിടിച്ചതായി റിപ്പോർട്ടുണ്ട്. സ്ഫോടനശബ്ദം ഭീതി പരത്തിയതോടെ ആശങ്കയിലായ നാട്ടുകാർ വീടുകളിൽനിന്നു പുറത്തിറങ്ങിയോടി.
അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തിയെങ്കിലും സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. തീ നിയന്ത്രണവിധേയമായതായി രക്ഷാപ്രവർത്തകർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.