മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയമെന്ന് ആരോപിച്ച് ഡൽഹിയിൽ പ്രതിഷേധം
റെജി നെല്ലിക്കുന്നത്ത്
Monday, March 17, 2025 4:07 PM IST
ന്യൂഡൽഹി: കേരളത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുബന്ധ സംഘടനകൾ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കേരളത്തിലെ യുവാക്കൾക്ക് കടുത്ത ഭീഷണി ഉയർത്തുന്ന മയക്കുമരുന്ന് ദുരുപയോഗത്തിനെതിരേ കർശന നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൗത്ത് ഇന്ത്യൻ ഔട്ട്റീച്ച് മിഷൻ കോഓർഡിനേറ്റർ സ്കറിയ തോമസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
ഡോ. സിമ്മി, വിനീത്, തോമസ് കുട്ടിയാനമറ്റം, ജോയൽ, മഹിള കോൺഗ്രസ് അംഗം പ്രേമ ബാലകൃഷ്ണൻ, ലത, എൻഎസ്യുഐ നേതാക്കളായ മാത്യു, അബുൽ ഫത്തേഹ്, മനു പ്രസാദ്, ഷിനു ജോസഫ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ കേരള സർക്കാരിനെ ശക്തമായി വിമർശിച്ചു.
മയക്കുമരുന്ന് പ്രതിസന്ധി സംസ്ഥാനത്തുടനീളമുള്ള കാമ്പസുകളിൽ അപകടകരമായ ഒരു ഭീഷണിയായി മാറിയിട്ടുണ്ടെന്നും യുവതലമുറയെ ബാധിക്കുന്ന കാൻസറാണ് ഇതെന്നും അവർ പറഞ്ഞു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ആഹ്വാനത്തെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.