ഡിഎംഎ ജസോല ഏരിയ വാർഷിക പൊതുയോഗം ഏപ്രിൽ ആറിന്
പി.എൻ.ഷാജി
Saturday, March 22, 2025 7:24 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജസോല ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് രാവിലെ 11.30 മുതൽ രണ്ടു വരെ ജസോല എൽഐജി ഫ്ലാറ്റ്സ്, പോക്കറ്റ് 12ലെ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ തങ്കപ്പനെ നിയമിച്ചു.
2025-28 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, ജോയിന്റ് ട്രഷറർ, ഇന്റേണൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, വനിതാ വിഭാഗം കൺവീനർ, ജോയിന്റ് കൺവീനർ, യുവജന വിഭാഗം കൺവീനർ (വയസ് 18-35), യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35) (ആൺ, പെൺ, ഒന്ന് വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ഈ മാസം 23ന് ഉച്ചകഴിഞ്ഞു നാലു മുതൽ ആറു വരെയും 24ന് രാത്രി ഏഴ് മുതൽ ഒന്പത് വരെയും റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ജസോല ലിവിംഗ് സ്റ്റൈൽ മാളിലെ മൂന്നാം നിലയിലെ നമ്പർ 318, റോയൽ തോട്ട്സിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കുകയും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.
പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 24ന് രാത്രി ഒന്പത് വരെയാണ്. 25നു രാത്രി 7.30ന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് ജസോലയിലെ ’റോയൽ തോട്ട്സ്’ലും ആർകെ പുരത്തെ ഡിഎംഎ സമുച്ചയത്തിലും പ്രസിദ്ധപ്പെടുത്തും. 26ന് രാത്രി ഏഴ് മുതൽ രാത്രി ഒന്പത് വരെ പത്രിക പിൻവലിക്കാവുന്നതാണ്.
27ന് രാത്രി ഏഴിന് സൂക്ഷ്മ പരിശോധനക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, ഏപ്രിൽ ആറിന് ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയാണ് സമയം. വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജസോല ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: റിട്ടേണിംഗ് ഓഫീസർ നോവൽ ആർ തങ്കപ്പൻ, അഡീഷണൽ ജനറൽ സെക്രട്ടറിയും കോഓർഡിനേറ്ററുമായ പി.എൻ. ഷാജി എന്നിവരെ 98182 04660, 96506 99114 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.