ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തം; മരണം 18 ആയി
Monday, February 17, 2025 10:36 AM IST
ന്യൂഡൽഹി: ശനിയാഴ്ച രാത്രിയിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ അഞ്ചു കുട്ടികളും 11 സ്ത്രീകളും ഉൾപ്പെടുന്നു. അന്പതോളം പേർക്ക് പരിക്കേറ്റു. ഒന്പതു പേരുടെ നില ഗുരുതരമാണ്.
മഹാ കുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്കു പോകാനെത്തിയ തീർഥാടകരുടെ എണ്ണം അനിയന്ത്രിതമായതാണ് അപകടത്തിലേക്കു നയിച്ചത്. 14, 15 പ്ലാറ്റ്ഫോമുകളിലാണ് അപകടം സംഭവിച്ചത്. അനിയന്ത്രിതമായ രീതിയിലാണ് പ്രയാഗ്രാജിലേക്കുള്ള ജനറൽ ടിക്കറ്റുകൾ വിറ്റത്.
ഓരോ മണിക്കൂറിലും 1500ഓളം ജനറൽ ടിക്കറ്റുകൾ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്നു വിറ്റെന്നാണ് റിപ്പോർട്ട്. ഇതോടെ പ്രയാഗ്രാജിലേക്കു പോകുന്ന രണ്ട് ട്രെയിനുകൾ എത്തേണ്ട പ്ലാറ്റ്ഫോമുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു.
അപകടം നടക്കുന്ന സമയത്ത് ഈ പ്ലാറ്റ്ഫോമുകളിൽ ബിഹാറിലെ പാറ്റ്നയിലേക്ക് പോകുന്ന മഗധ് എക്സ്പ്രസും ന്യൂഡൽഹി-ജമ്മു ഉത്തർസന്പർക്ക ക്രാന്തി എക്സ്പ്രസും ഉണ്ടായിരുന്നതായി ഉത്തര റെയിൽവേയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ഉപാധ്യായ വ്യക്തമാക്കി.
അതേസമയം, അനൗണ് സ്മെന്റിലുണ്ടായ വീഴ്ച ആശയക്കുഴപ്പത്തിലേക്കും തുടർന്ന് അപകടത്തിലേക്കും വഴിവച്ചുവെന്നാണ് ഡൽഹി പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രയാഗ്രാജ് എക്സ്പ്രസും പ്രയാഗ്രാജിലേക്കു പോകേണ്ട സ്പെഷൽ ട്രെയിനും ഒരേ സമയം അനൗണ്സ് ചെയ്തതാണു യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയത്.
14-ാം നന്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ്രാജ് എക്സ്പ്രസ് ട്രെയിൻ കാത്ത് ആളുകൾ നിന്നപ്പോഴാണ് പ്രയാഗ്രാജ് സ്പെഷൽ ട്രെയിൻ 16-ാം നന്പർ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതായി അനൗണ്സ്മെന്റ് വന്നത്. ഇതോടെ ആശയക്കുഴപ്പത്തിലായ 14-ാം നന്പർ പ്ലാറ്റ്ഫോമിൽ നിന്ന യാത്രക്കാർ തങ്ങളുടെ ട്രെയിൻ 16-ാം നന്പർ പ്ലാറ്റ്ഫോമിലാണു വരുന്നതെന്ന് വിചാരിച്ച് തിരക്കു കൂട്ടിയത് അപകടത്തിന് വഴിവച്ചു.
അനൗണ്സ്മെന്റ് കേട്ടതോടെ ആളുകൾ ഒന്നടങ്കം 16-ാം നന്പർ പ്ലാറ്റ്ഫോമിലേക്ക് മേൽപ്പാലത്തിലൂടെ ഓടി. ഓട്ടത്തിനിടയിൽ മേൽപ്പാലത്തിൽ ഇരിക്കുന്ന യാത്രക്കാരുടെ മുകളിലേക്ക് ഇവർ വീഴുകയും അപകടം സംഭവിക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ വിശദീകരണം. കൂടാതെ മൂന്ന് ട്രെയിനുകൾ വൈകിയത് സ്റ്റേഷനിൽ തിരക്ക് വർധിക്കാൻ കാരണമായതായും പോലീസ് പറയുന്നു.
ശനിയാഴ്ച രാത്രി പത്തിനാണ് ദുരന്തം സംഭവിച്ചെങ്കിലും അർധരാത്രിയോടെയാണു സംഭവത്തിന്റെ തീവ്രത പുറംലോകം അറിയുന്നത്. അടുത്ത നാളുകളിലൊന്നും കാണാത്തത്ര തിരക്കാണ് ശനിയാഴ്ച രാത്രി ഏറെ വൈകിയും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
മരിച്ചവരുടെ ബന്ധുക്കൾക്ക് റെയിൽവേ 10 ലക്ഷം രൂപ ധനസഹായം നൽകും. ഗുരുതരമായ പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും ധനസഹായം നൽകുമെന്നും റെയിൽവേ അറിയിച്ചു.