ഡൽഹിയിൽ ഭൂചലനം; റിക്ടര്‍ സ്കെയില്‍ 4.0 രേഖപ്പെടുത്തി
Monday, February 17, 2025 12:22 PM IST
ഡൽഹി: രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.
ഡൽഹിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു. ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്.
ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി. ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചിരിക്കുന്നത്.
ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിലുള്‍പ്പെടുന്ന സ്ഥലങ്ങളാണ്.