കേരള എക്സ്പ്രസിൽ വീണ്ടും മോഷണം
Saturday, February 15, 2025 3:36 PM IST
ന്യൂഡൽഹി: നാളുകൾക്ക് ശേഷം കേരള എക്സ്പ്രസിൽ വീണ്ടും മോഷണം. മയൂർ വിഹാർ ഫേസ്-2, 271-സി, പോക്കറ്റ് സിയിലെ താമസക്കാരായ കൊല്ലം മയ്യനാട് അനിൽ കുമാറിന്റെയും ലൈന അനിൽ കുമാറിന്റെയും മകളായ അനക എ. കുമാറിന്റെ ലാപ്ടോപ്പും(എലൈറ്റ് ബുക്ക് സിൽവർ) മറ്റു സാധനങ്ങളും അടങ്ങിയ ബാഗാണ് ബുധനാഴ്ച രാവിലെ അഞ്ചിനും ആറിനും ഇടയിൽ തിരുപ്പതി ഭാഗത്ത് വച്ച് മോഷണം പോയത്.
കാൽക്കാജി ദേശ് ബന്ധു കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ അനകയുടെ ബാഗിൽ ലാപ്ടോപ്പ് കൂടാതെ പച്ച കളർ ഡയറി, പതിനായിരത്തോളം രൂപ വിലയുള്ള മേക്കപ്പ് സാധനങ്ങൾ, ആർട്ടിഫിഷ്യൽ ജൂവലറി, ഗോൾഡൻ കളർ സൊനാട്ട വാച്ച്, 3000 രൂപ, കോളജ് ഐഡി, ആധാർ കാർഡ്, പാൻ കാർഡ്, മൊബൈൽ ചാർജർ, ലാപ്ടോപ്പ് ചാർജർ തുടങ്ങിയവയും ഉണ്ടായിരുന്നു.
രാവിലെ 4.30 മുതൽ ട്രെയിനിൽ കണ്ട ശുചീകരണ തൊഴിലാളിയെ യാത്രക്കാർ ചോദ്യം ചെയ്തെങ്കിലും ബാഗ് കണ്ടെത്താനായില്ല. ധാരാളം സിസിടിവി കാമറകൾ തിരുപ്പതി സ്റ്റേഷനിൽ ഉള്ളതിനാൽ അവിടെ നിന്നും മോഷണം പോയാൽ കണ്ടെത്താൻ വളരെ സഹായകരമാണെന്ന് മറ്റു യാത്രക്കാർ പറഞ്ഞു.
വ്യാഴാഴ്ച ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷൻ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അനിൽ കുമാർ: 9818028312, 9650256712.