മകളെ ഉപദ്രവിച്ചു; പ്രതിയെ കുവൈറ്റില്‍നിന്നെത്തി കൊന്നശേഷം പിതാവ് മടങ്ങി
Friday, December 13, 2024 3:08 PM IST
തിരുപ്പതി: 12 വയസുകാരിയായ തന്റെ മകളെ ഉപദ്രവിച്ചയാളെ കുവൈറ്റിൽനിന്ന് ഇന്ത്യയിലെത്തി അച്ഛൻ കൊലപ്പെടുത്തി. കുവൈറ്റില്‍ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപ്പള്ളി സ്വദേശിയാണു പ്രതി.
ഡിസംബർ ഏഴിന് കുവൈറ്റിൽനിന്നെത്തി കത്തികൊണ്ട് കുത്തി കൊലപാതകം നടത്തിയശേഷം പ്രതി കുവൈറ്റിലേക്കുതന്നെ തിരിച്ചുപോകുകയായിരുന്നു. കൊലപാതകം ഏറ്റുപറഞ്ഞ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണു സംഭവം പുറത്തുവന്നത്.
താനും ഭാര്യയും കുവൈറ്റിലാണു ജോലി ചെയ്യുന്നതെന്നും മകളെ ഭാര്യാ സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് ആന്ധ്രയില്‍ നിര്‍ത്തിയിരുന്നതെന്നും വീഡിയോയില്‍ പറയുന്നു. ഭാര്യാസഹോദരിയുടെ അമ്മായിയച്ഛന് തന്റെ മകളെ ഉപദ്രവിച്ചു.
മകള്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ ഭാര്യാ സഹോദരി വന്നാണു രക്ഷിച്ചത്. പെൺകുട്ടി അമ്മയോട് തനിക്ക് നേരിട്ട ദുരനുഭവം പറഞ്ഞപ്പോഴാണു ഞങ്ങൾ വിവരമറിയുന്നത്. നാട്ടില്‍ പോയ സമയത്ത് തന്റെ ഭാര്യയോട് പോലീസ് സ്റ്റേഷനിൽ പോയി പരാതി നല്കാന് പറഞ്ഞു.
പോലീസുകാര്‍ ഭാര്യാ സഹോദരിയുടെ അമ്മായിയച്ഛനെ വിളിച്ചു വരുത്തി നടപടിയൊന്നും എടുക്കാതെ ശാസിക്കുക മാത്രമാണ് ചെയ്തത്. ഒരിക്കല്‍ കൂടി പരാതി നല്കിയപ്പോള് എന്റെ ഭാര്യക്കെതിരേ കേസെടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.
പോലീസിന്റെ ഈ നിഷ്ക്രിയത്വം നിയമം കൈയിലെടുക്കാൻ എന്നെ നിര്‍ബന്ധിതനാക്കിയെന്നും പെൺകുട്ടിയുടെ അച്ഛൻ വീഡിയോയിൽ പറയുന്നു. അതേസമയം പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിട്ടില്ലെന്നാണു പോലീസ് പറയുന്നത്.
പെൺകുട്ടിയുടെ അമ്മയും സഹോദരിയും തമ്മിൽ കുടുംബ തർക്കങ്ങളുണ്ടെന്നും പ്രതി വീഡിയോ പുറത്തുവിട്ട് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും എല്ലാ വസ്തുതകളും ഉടന്‍ പുറത്തുകൊണ്ടുവരുമെന്നും പോലീസ് പറഞ്ഞു.