കാനച്ചേരി കൂട്ടം യുഎഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു
അനിൽ സി.ഇടിക്കുള
Tuesday, December 10, 2024 3:22 PM IST
അബുദാബി: കാനച്ചേരി കൂട്ടം യുഎഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് നടന്ന കലാവിരുന്നോടെ സമാപിച്ചു. പരിപാടിയിൽ വൈസ് പ്രസിഡന്റ് സാജിദ് കെ.എൻ അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും അധ്യാപകനുമായ കെ.പി. ഇബ്രാഹിം മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കാനച്ചേരിയിലെ വ്യവസായ പ്രമുഖൻ എൻ.കെ. അബ്ദുൽ സലാം, മുഖ്യ രക്ഷധികാരി പി.വി. അബ്ദുറഹിമാൻ ഹാജി, കെ.പി. റസാക്ക് എന്നിവർ ആശംസകൾ അർപ്പിച്ചു.
പരിപാടിയിൽ ദീർഘ കാല പ്രവാസ ജീവിതം നയിച്ച മുതിർന്ന അംഗങ്ങളായ പി.വി. അബ്ദു റഹിമാൻ ഹാജി, എം.പി. നൂറുദ്ദീൻ, കെ.പി. ഷംസുദ്ദീൻ, പി.വി. അബ്ദുൽ ഖാദർ, പി. അബ്ദുൽ സലാം എന്നിവരെ ഇഖ്ബാൽ സകരിയ, കെ.എൻ. സാദിഖ്, കെ.പി.റസാഖ് എന്നിവർ ആദരിച്ചു.
അബുദാബിയിൽ 1974ൽ രൂപീകൃതമായ കാനച്ചേരി കൂട്ടം, ഒട്ടേറെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവത്തങ്ങൾ നടത്തിവരുന്ന കൂട്ടായിമയാണ്. 2024 ജനുവരി മുതൽ ഡിസംബർ വരെ യുഎഇയിലെ വിവിധ എമിറേറ്റുകളിലും നാട്ടിലുമായി വിവിധ കലാ - കായിക മാമാങ്കങ്ങളും രക്തദാന ക്യാമ്പ് ഉൾപ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും കമ്മിറ്റി നടത്തിയിരുന്നു.
ജോയിന്റ് സെക്രട്ടറി ടി.വി. മുക്താർ, ജലീൽ കൊയക്കോട്ട്, എൻ.പി.ആർ. ഷാഹിദ് എന്നിവർ അവതാരകരായ പരിപാടിയിൽ കാനച്ചേരി കൂട്ടം അംഗങ്ങളുടെയും, കുട്ടികളുടെയും വ്യത്യസ്തങ്ങളായ കലാ പരിപാടികൾ ശ്രദ്ധേയമായി.
ജനറൽ സെക്രട്ടറി ടി.വി. ഷമീം സ്വാഗതവും ട്രഷറർ ഇഖ്ബാൽ മരുവോട്ട് നന്ദിയും പറഞ്ഞു.