കേളി ദിനം: സംഘാടക സമിതി ഓഫീസ് തുറന്നു
Wednesday, December 11, 2024 5:22 PM IST
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 24-ാം വാർഷികാഘോഷം "കേളി ദിനം 2025'ന്റെ പരിപാടികളുടെ ഏകോപനത്തിനായി സംഘാടക സമിതി ഓഫീസ് തുറന്നു. ബത്തയിലെ ഹോട്ടൽ ഡി പാലസിൽ പ്രവർത്തനം ആരംഭിച്ച ഓഫീസ് കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ജോയിന്റ് കൺവീനർ റഫീഖ് പാലത്ത് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, ഷമീർ കുന്നുമ്മൽ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി കേളി ജോയിന്റ് സെക്രട്ടറിമാരായ മധു ബാലുശേരി, സുനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
24 വർഷമായി റിയാദിന്റെ പൊതുമണ്ഡലത്തിൽ പ്രവർത്തിക്കുന്ന കേളി കലാസാംസ്കാരിക വേദി പ്രവാസികളുടെ നിരവധി പ്രശ്നങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകിയും പരിഹാരങ്ങൾ കണ്ടെത്തിയും പ്രവാസിക്ക് ഒരു കൈത്താങ്ങായി പ്രവർത്തിച്ചു വരുന്നു.
പ്രവാസികൾക്ക് മാത്രമല്ല, പിറന്ന നാടിനെയും പ്രയാസമനുഭവിക്കുന്നവരെയും വിവിധ ഘട്ടങ്ങളിൽ കേളി ചേർത്ത് പിടിച്ചിട്ടുണ്ട്. വർഷം തോറും ആയിരകണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന മെഗാ രക്തദാന ക്യാമ്പ് സൗദി അറേബ്യയിൽ നടത്തുന്ന സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നുമാത്രം.
കുടുംബത്തിനും ഒപ്പം നാടിന്റെ പുരോഗതിക്കുമായി പ്രവാസം സ്വീകരിച്ചവരുടെ മൂടിവയ്ക്കപ്പെട്ട സർഗവാസനകൾക്ക് ചിറക് വിരിക്കാനായി അവസരം ഒരുക്കുകയാണ് കേളിദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജനുവരി മൂന്നിന് രാവിലെ ഒന്പത് മുതൽ ആരംഭിക്കുന്ന പരിപാടികൾ രാത്രി എട്ട് വരെ നീണ്ടുനിൽക്കും.
കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിക്കുന്ന 50ൽ പരം വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറും. വൈകുന്നേരം നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ റിയാദിന്റെ നനാതുറകളിലുള്ള വിശിഷ്ഠ വ്യതികൾ പങ്കെടുക്കുമെന്നും കൺവീനർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഓഫീസ് ഉദ്ഘാടന ചടങ്ങിൽ കേളിയുടെ വിവിധ ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ റഫീക് ചാലിയം സ്വാഗതം പറഞ്ഞ പരിപാടിയിൽ പബ്ലിസിറ്റി കൺവീനർ ബിജു തായമ്പത്ത് നന്ദി പറഞ്ഞു.