അന്നദാനത്തിൽ കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര പങ്കെടുത്തു
പി.എൻ. ഷാജി
Saturday, December 21, 2024 6:11 AM IST
ന്യൂ ഡൽഹി: ശ്രീ അയ്യപ്പ പൂജാ സമിതി മയൂർ വിഹാർ ഫേസ്2ന്റെ 16ാമത് മണ്ഡല പൂജാ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ അന്നദാനത്തിൽ കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര പങ്കെടുത്തു. മയൂർ വിഹാർ ഫേസ്2, പോക്കറ്റ് ബിയിലെ നീലം മാതാ മന്ദിറിനു സമീപം പ്രത്യേകം സജ്ജമാക്കിയ പൂജാ പന്തലിലാണ് ചടങ്ങുകൾ നടന്നത്.
മഹാഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകളിൽ വിളക്കു പൂജ, വിഷ്ണു സഹസ്രനാമ പാരായണം, സൂര്യകാലടി ഭജന മണ്ഡലി, കോട്ടയം അവതരിപ്പിച്ച പ്രത്യേക നാമ പ്രഘോഷണം, അന്നദാനം എന്നിവയായിരുന്നു പ്രധാനം.
ചടങ്ങുകളിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര മന്ത്രി ഹർഷ് മൽഹോത്ര, ഭജനയിൽ വേദി പങ്കിട്ടും അന്നദാനം വിളമ്പിയും പൂജാദികളിൽ സജീവ സാന്നിധ്യമായത് ഭക്തർക്ക് കൗതുകമായി.
വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോമിനിക് ജോസഫ്, ഡൽഹി മലയാളി അസോസിയേഷൻ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സി കേശവൻകുട്ടി, എൻഎസ്എസ് ഡൽഹി ജനറൽ സെക്രട്ടറി എം ഡി ജയപ്രകാശ്, മാനുവൽ മലബാർ ജൂവലേഴ്സ് ഡയറക്ടർ ഡോ ഡെലോണി മാനുവൽ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.
വൈകുന്നേരം പോക്കറ്റ് എയിലെ പ്രാചീൻ ശിവ് മന്ദിറിൽ നിന്നും പൂത്താലമേന്തിയ ബാലികമാരുടെയും വാദ്യ മേളങ്ങളുടേയും അകമ്പടിയോടെ ആരംഭിച്ച താലപ്പൊലി എഴുന്നെള്ളത്ത് മയൂർ വിഹാർ ഫേസ്2വിലെ അയ്യപ്പ ഭക്തരുടെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി നഗര പ്രദക്ഷിണത്തോടെ പൂജാ സന്നിധിയിൽ എത്തിയ ശേഷം മഹാദീപാരാധനയും ഹരിവരാസനവും പാടി. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.