ന്യൂഡൽഹി - ശ്രീനഗർ റൂട്ടിൽ വന്ദേഭാരത് ജനുവരിയിൽ
എസ്.ആർ. സുധീർ കുമാർ
Tuesday, November 12, 2024 1:16 PM IST
കൊല്ലം: അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് കൂടി സ്വാഗതമോതി ന്യൂഡൽഹി-ശ്രീനഗർ റൂട്ടിൽ വന്ദേ സ്ലീപ്പർ ട്രെയിൻ ഓടിക്കാൻ റെയിൽവേ.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ ആയിരിക്കും ഈ ട്രെയിൻ കടന്നുപോകുക.
2025 ജനുവരി മുതൽ സർവീസ് ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ നിർമിച്ചിരിക്കുന്നതാണ് ഉയരം കൂടിയ പാലം. ജമ്മു-ബരാമുള്ള റെയിൽവേ ലൈനിന്റെ ഭാഗമാണിത്.
1315 മീറ്ററാണ് പാലത്തിന്റെ ദൈർഘ്യം. നദിയുടെ നിരപ്പിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ഇത് നിർമിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം എന്നതിലുപരി നദിയുടെ നിരപ്പിൽ നിന്നുള്ള ഉയരം കണക്കാക്കുമ്പോൾ ലോകത്തിലെ ഉയരം കൂടിയ പാലം കൂടിയാണിത്.
ഹിമാലയൻ മലനിരകളിലെ കാഴ്ചകളും ചെനാബ് നദിയിലെ കാഴ്ചകളും ഇതുവഴിയുള്ള ട്രെയിൻ യാത്രയിൽ വിദേശ വിനോദ സഞ്ചാരികളെയടക്കം ഏറെ ആകർഷിക്കുമെന്നാണ് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്. 11 ഏസി ത്രീ ടയർ, നാല് ഏസി ടൂടയർ, ഒരു ഏസി ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ 16 കോച്ചുകൾ ഉണ്ടാകും.
ന്യൂഡൽഹി-ശ്രീനഗർ റെയിൽപ്പാതയുടെ ദൂരം 800 കിലോമീറ്ററിൽ അധികമാണ്. 13 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ നിന്ന് ഈ ട്രെയിനിൽ ശ്രീനഗറിൽ എത്താം. അമ്പാല കാന്റ് ജംഗ്ഷൻ, ലുധിയാന ജംഗ്ഷൻ, കത്തുവ, ജമ്മുതാവി, ശ്രീ മാതാ വൈഷ്ണോ ദേവി കത്ര, സങ്കൽ ദാൻ, ബനിഹാൽ തുടങ്ങി പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.
നിലവിൽ ന്യൂഡൽഹിയിൽനിന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വരെ ഒരു വന്ദേഭാരത് എക്സ്പ്രസ് (22439) സർവീസ് നടത്തുന്നുണ്ട്. 655 കിലോ മീറ്റർ ദൈർഘ്യമുള്ള പ്രസ്തുത റൂട്ടിൽ ട്രെയിൻ എട്ട് മണിക്കൂർ 50 മിനിറ്റ് സമയമെടുത്താണ് എത്തുന്നത്.
പുതിയ വന്ദേഭാരത് വരുന്നതോടെ രാജ്യ തലസ്ഥാനത്ത് നിന്ന് ജമ്മു കശ്മീരിലേക്കുള്ള യാത്ര ഏറെ കൂടുതൽ എളുപ്പമാകും. ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ഈ ട്രെയിൻ ഏറെ പ്രയോജനം ചെയ്യും.
തേർഡ് ഏസി - 2,000, സെക്കൻഡ് ഏസി -2,500, ഫസ്റ്റ് ക്ലാസ് ഏസി -3,000 രൂപ എന്നിങ്ങനെ ആയിരിക്കും ഏകദേശ ടിക്കറ്റ് നിരക്ക്.