കാൽക്കാജി സെന്റ് ജോസഫ് സീറോമലബാർ ദേവാലയത്തിൽ യൗസേപ്പിന്റെ തിരുനാൾ
റെജി നെല്ലിക്കുന്നത്ത്
Wednesday, October 30, 2024 4:13 PM IST
ന്യൂഡൽഹി: കാൽക്കാജി സെന്റ് ജോസഫ് സീറോമലബാർ ദേവാലയത്തിൽ യൗസേപ്പിന്റെ തിരുനാൾ ആഘോഷത്തിന് ഫാ. ബാബു ആനിത്താനം(ജസോല ഫൊറാന വികാരി) കൊടി ഉയർത്തിക്കൊണ്ട് ആരംഭം കുറിച്ചു.
ഒക്ടോബർ 29നു നൊവെന ആരംഭിച്ച് നവംബർ പത്തിന് ആഘോഷമായ തിരുനാൾ തിരുകർമങ്ങളോടുകൂടി തിരുനാൾ പര്യവസാനിക്കും. നവംബർ രണ്ടിന് വെെകുന്നേരം അഞ്ചിന് ഇടവകയിലെ സകല മരിച്ചവരുടെയും ഓർമയ്ക്കായുള്ള ആഘോഷമായ പ്രാർഥന ശുശ്രൂഷ തുക്ലക്കാബാദ് സെന്റ് തോമസ് സെമിത്തേരിയിൽ ഉണ്ടായിരിക്കും.
തുടർന്ന് മരിച്ചവർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന ഏഴിന് ഇടവക ദേവാലയത്തിൽ അർപ്പിക്കപ്പെടും. നവംബർ മൂന്നിന് ഇടവക ദിനമായി ആഘോഷിക്കും.
അന്നേ ദിവസം, മുഴുവൻ ഇടവക ജനങ്ങളുമായി ഫരിദാബാദ് രൂപതയുടെ കീഴിലുള്ള സാഞ്ചോപുരം ചിൽഡ്രൻസ് വില്ലേജിലേക്കു യാത്രയും അവിടെ വച്ച് കുർബാനയും ഇടവക ദിനാഘോഷ പരിപാടികളും ഉണ്ടായിരിക്കുന്നതുമാണ്.
തിരുനാൾ ദിനമായ നവംബർ 10നു വിപുലമായ തിരുനാൾ തിരുകർമങ്ങൾ രാവിലെ ഒന്പതിനു ആരംഭിക്കും. രാവിലെ പത്തിനു ഫരിദാബാദ് കത്തീഡ്രൽ പള്ളി വികാരി ഫാ. റോണി തോപ്പിലാൻ മുഖ്യകാർമികനായി ആഘോഷമായ ദിവ്യ ബലി ഇടവക ദേവാലയത്തിൽ നടക്കും.
ഗുഡ്ഗാവ് സീറോമലങ്കര രൂപത മുഖ്യ വികാരി ജനറൽ ഡോ. വർഗീസ് വള്ളിക്കാട്ട് ആണ് തിരുനാളിനോടനുബന്ധിച്ചു വചന പ്രഘോഷണം നടത്തുന്നത്. നവംബർ എട്ടിനു ലത്തീൻ റീത്തിലും ഒന്പതിനു സീറോമലങ്കര റീത്തിലുമാണ് വി. കുർബാന അർപ്പിക്കപ്പെടുന്നത്.
നവംബർ അഞ്ചിനു ഫരിദാബാദ് രൂപതയിലെ നവ വൈദീകർക്കു സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ ഒന്പത് വരെയുള്ള എല്ലാ ദിവസവും നൊവേനയും ആഘോഷമായ വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവകയ്ക്ക് വേണ്ടി തിരുനാൾ കൺവീനർമാർ തോമസ് ജോബ്, വില്ലിംഗ്ടൺ ജോർജ്, പോളി എബ്രഹാം, ആൻസി രാജു എന്നിവർ അറിയിച്ചു.