ഡൽഹിയിൽ അയൽവാസിയുടെ കാറിന് തീയിട്ട യുവാവിനെ പിടികൂടി
Tuesday, December 3, 2024 11:55 AM IST
ന്യൂഡൽഹി: അയൽവാസിയുടെ കാറിന് തീയിട്ട യുവാവിനെ പിടികൂടി. ശനിയാഴ്ച രാത്രി ഡൽഹിയിലായിരുന്നു സംഭവം. കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് യുവാവ് താറിന് തീയിട്ടത്.
സുഹൃത്തുക്കളുമായെത്തി വാഹനത്തിന് തീവച്ച ശേഷം രക്ഷപ്പെട്ട യുവാവിനെയും സംഘത്തെയും 600 കിലോമീറ്ററോളം പിന്തുടർന്ന് ഉത്തർപ്രദേശിൽ നിന്നാണ് പോലീസ് പിടികൂടിയത്. രാഹുൽ ഭാസിൻ എന്ന യുവാവും സുഹൃത്തുക്കളുമാണ് പിടിയിലായത്.
അയൽവാസിയായ രജ്നീത് ചൗഹാനുമായി വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി രാഹുൽ സ്ഥിരം വഴക്കുണ്ടാക്കിയിരുന്നു. ഇത്തരമൊരു തർക്കത്തിനൊടുവിലാണ് ശനിയാഴ്ച രാത്രി കാറിന് തീയിട്ടത്. എന്നാൽ ഇതെല്ലാം പരിസരത്തെ ഒരു സിസിടിവി കാമറയിൽ പതിഞ്ഞു.
രാത്രി പത്തിന് രാഹുലും രണ്ട് സുഹൃത്തുക്കളും ഒരു കാറിലെത്തി അയൽവാസിയുടെ വാഹനത്തിനടുത്ത് നിർത്തി. ഒരാൾ പുറത്തിറങ്ങി കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തല്ലിപ്പൊട്ടിക്കാൻ തുടങ്ങി.
മറ്റൊരാൾ എന്തോ ദ്രാവകം വാഹനത്തിലേക്ക് ഒഴിക്കുന്നതും മൂന്നാമൻ തീ കൊളുത്തുന്നതും കാണാം. പിന്നീട് മൂവരും വാഹനത്തിൽ കയറി വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.