രാജു പള്ളത്ത് ഇന്ത്യ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ്
Saturday, December 7, 2024 3:23 PM IST
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) 2026 - 2027 കാലയളവിലെ നിയുക്ത പ്രസിഡന്റായി രാജു പള്ളത്തിനെ (വർഗീസ് ജോൺ) അഡ്വൈസറി ബോർഡ് യോഗം തെരെഞ്ഞെടുത്തു
ഇന്ത്യ പ്രസ് ക്ലബിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച രാജു പള്ളത്ത് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റായിരുന്നു. പിന്നീട് ദേശീയ തലത്തിൽ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചശേഷമാണ് സുനിൽ തൈമറ്റം പ്രസിഡന്റായപ്പോൾ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
രണ്ടു പതിറ്റാണ്ടിലേറെയായി മികച്ച പ്രവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ഇന്ത്യ പ്രസ് ക്ലബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട്.
മാധ്യമ പ്രവർത്തനം പലതരം വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും തുണയായി പ്രവർത്തിക്കുകയെന്ന ദൗത്യം ആയിരിക്കും തന്നെ നയിക്കുക.
കേരളത്തിലെ മാധ്യമപ്രവർത്തകരുമായും അമേരിക്കയിലെ സംഘടനകളുമായുളള നല്ല ബന്ധം തുടരുമെന്നും രാജു പള്ളത്ത് പറഞ്ഞു.
മാവേലിക്കര സ്വദേശിയായ രാജു ഡൽഹിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് പഠിച്ച ശേഷം, സിംഗപ്പുരിലെ പാനസോണിക്കിൽ മീഡിയ ഡിവിഷനിൽ ഉദ്യോഗസ്ഥനായി. അവിടെ നിന്ന് കമ്പനി തന്നെയാണ് അമേരിക്കയിലേക്ക് അയച്ചത്.
ഇപ്പോൾ ഫെഡറൽ എംപ്ലോയി ആണെങ്കിലും മാധ്യമപ്രവർത്തനവും അദ്ദേഹം മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. തനിക്കൊപ്പം പ്രവർത്തിക്കുന്ന അൻപത് പേരും മറ്റ് ജോലികൾ ഉള്ളവരായതുകൊണ്ട് ഇതിൽ നിന്നൊരു സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെയാണ് ജോലി ചെയ്യുന്നതെന്ന് രാജു ചൂണ്ടിക്കാട്ടി