കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ സുവനീർ പ്രസിദ്ധീകരിക്കുന്നു
ജോയി കുറ്റിയാനി
Thursday, December 5, 2024 1:46 PM IST
മയാമി: അമേരിക്കന്‍ മലയാളി സംഘടനകളിലെ പ്രമുഖ സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ ജനപങ്കാളിത്തത്തോടെ സുവനീർ പ്രസിദ്ധീകരിക്കുന്നു. സുവനീറിന് "ശംഖൊലി' എന്നു നാമകരണം ചെയ്താണ് പ്രസിദ്ധീകരിക്കുന്നത്.
ഈ സാമൂഹിക ഡയറക്ടറിയില്‍ ആയിരങ്ങളുടെ കുടുംബചിത്രങ്ങള്‍ സൗജന്യമായി ചേര്‍ത്താണ് പ്രസിദ്ധീകരിക്കുന്നത്. സൗത്ത് ഫ്ലോറിഡയിലെ പാംബീച്ച്, ബ്രോവാര്‍ഡ്, മയാമി-ഡേയ്ഡ് കൗണ്ടികളില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ക്കാണ് ഈ സുവനീറിന്റെ പേജുകളെ ധന്യമാക്കുവാന്‍ അവസരമുള്ളത്.
അടിസ്ഥാന വിവരങ്ങള്‍, സൗത്ത് ഫ്ലോറിഡയിലെ മലയാളികളുടെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം ആരാധനാലയങ്ങളുടെ വിവരങ്ങള്‍, സര്‍വീസ് സമയം, സൗത്ത് ഫ്ലോറിഡ മലയാളി കുടിയേറ്റത്തിന്റെ ചരിത്രം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, നിയമ മേഖലകളെക്കുറിച്ചുള്ള അടിസ്ഥാന അറിവുകള്‍, നിരവധിയായ വിഷയങ്ങളില്‍ റഫറന്‍സ് മെറ്റീരിയല്‍സ് സുവനീറില്‍ ഒരുക്കും.
ഡിജിറ്റല്‍ കോപ്പി ലഭിക്കുവാനുള്ള ഒരു ക്യൂആര്‍ കോഡ് സുവനീറില്‍ ക്രമീകരിച്ചിരിക്കുന്നതിലൂടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സുവനീറിന്റെ ഡിജിറ്റല്‍ പകര്‍പ്പ് എളുപ്പത്തില്‍ ലഭിക്കാനുള്ള സൗകര്യവും ക്രമീകരിക്കുന്നുണ്ട്.
വരും തലമുറയ്ക്ക് ഇതൊരു ചരിത്ര പുസ്തകമാക്കുവാന്‍ കേരള സമാജം ജനപങ്കാളിത്തത്തോടുകൂടി തയാറാക്കുന്ന ഈ സ്മരണികയില്‍ ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളും ചെറുകഥകളും കവിതകളും കാര്‍ട്ടൂണുകളും പെയിന്റിംഗുകളും പാചക കുറിപ്പുകളും തയാറാക്കി അയക്കാവുന്നതാണ്.
നിങ്ങളുടെ സൃഷ്ടികള്‍ [email protected] മെയിലിലേക്ക് ഈ മാസം 20ന് മുമ്പ് അയക്കാവുന്നതാണ്. ലേഖനങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാവുന്നതാണ്.
ഇംഗ്ലീഷിലും മലയാളത്തിലും തന്നിരിക്കുന്ന വിഷയത്തില്‍ മാത്രമാണ് ലേഖനങ്ങള്‍ എഴുതി അയയ്ക്കേണ്ടത്. വിദഗ്ധസമിതി പരിശോധിച്ച് തെരഞ്ഞെടുക്കുന്ന ലേഖനങ്ങള്‍ മാത്രമാണ് സ്മരണികയില്‍ പ്രസിദ്ധീകരിക്കുന്നത്.
ശംഖൊലിയുടെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ കേരള സമാജം പ്രസിഡന്റ് ഷിബു ജോസഫ്, വൈസ് പ്രസിഡന്റ് ജോസ് വെമ്പാല, സെക്രട്ടറി നിബു പുത്തേത്ത്, ട്രഷറര്‍ ജറാള്‍ഡ് പേരേരേ, മുന്‍ പ്രസിഡന്റുമാരായ ജോജോ വാത്യോലില്, സാജന് മാത്യു, ബാബു കല്ലിടുക്കില്‍, സജി സക്കറിയാസ്, ജോയി കുറ്റിയാനി, 2025 പ്രസിഡന്റ് ഇലക്ട് ബിജു ജോണ്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.
ശനിയാഴ്ച കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന കേരള സമാജം ക്രിസ്മസ് പരിപാടിയില്‍ ഈ സ്മരണികയുടെ ഒരു ഡമ്മി പ്രകാശനം ചെയ്യും.
ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ഫാമിലി പിക്ച്ചര്‍ എടുക്കുന്നതിനായി സൗജന്യമായി ഫോട്ടോ ബൂത്ത് ക്രമീകരിക്കുന്നുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് ഓര്‍മിപ്പിച്ചു.