ട്രംപ് സംഘത്തിൽ ഇന്ത്യൻ വംശജ ഹർമീത് കെ. ധില്ലനും
Wednesday, December 11, 2024 10:00 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജ ഹർമീത് കെ. ധില്ലനെ യുഎസ് നീതിന്യായ വകുപ്പിലെ സിവിൽ റൈറ്റ്സ് അസിസ്റ്റന്റ് അറ്റോർണി ജനറലായി നാമനിർദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പൗരാവകാശങ്ങൾ സംരക്ഷിക്കാൻ തന്റെ കരിയറിലുടനീളം ശ്രമിച്ചയാളാണ് ഹർമീതെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ മികച്ച അഭിഭാഷകരിലൊരാളെന്നും നിയുക്ത പ്രസിഡന്റ് പ്രശംസിച്ചു.
ഡാർട്ട്മൗത്ത് കോളജിൽനിന്നും വിർജീനിയ യൂണിവേഴ്സിറ്റി ലോ സ്കൂളിൽനിന്നും ബിരുദം നേടിയ ഹർമീത് (54) യുഎസ് ഫോർത്ത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ ക്ലാർക്ക് ആയിരുന്നു. സിക്ക് മതത്തിൽപ്പെട്ടയാളാണ്. ജൂലൈയിൽ നടന്ന റിപ്പബ്ലിക്കൻ ദേശീയ കൺവൻഷനിൽ അർദാസ് ചൊല്ലിയതിനെത്തുടർന്ന് വംശീയ ആക്രമണത്തിനു വിധേയയായിരുന്നു.
കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ച് ഹർമീത് പരാജയപ്പെട്ടിരുന്നു. ചണ്ഡിഗഡുകാരിയായ ഹർമീത് കുട്ടിയായിരുന്നപ്പോൾ മാതാപിതാക്കളോടൊപ്പം യുഎസിലേക്കു കുടിയേറുകയായിരുന്നു.