ജൂതനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയെ സെല്ലിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
പി.പി. ചെറിയാൻ
Wednesday, December 4, 2024 7:50 AM IST
ഷിക്കാഗോ: കുക്ക് കൗണ്ടി ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയിൽ ജയിലിനുളളിലെ സെല്ലിൽ കണ്ടെത്തി.
ഒരു മാസം മുൻപ് വെസ്റ്റ് റോജേഴ്സ് പാർക്കിലെ സിനഗോഗിന് സമീപം ജൂതനെ വെടിവച്ചുകൊന്നതിനെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന സിദി മുഹമ്മദ് അബ്ദല്ലാഹി(22) ആണ് സെല്ലിനുള്ളിൽ തൂങ്ങിമരിച്ചത്.
വധശ്രമം, അനധികൃതമായുള്ള തോക്ക് ഉപയോഗം, തീവ്രവാദം, വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങളാണ് അബ്ദുള്ളക്കെതിരെ ചുമത്തിയിരുന്നത്. കുക്ക് കൗണ്ടി ജയിലിലെ മെഡിക്കൽ വിഭാഗമായ സെർമാക് ഹെൽത്ത് സർവീസസിലാണ് സിദി മുഹമ്മദ് അബ്ദല്ലാഹിയെ പാർപ്പിച്ചിരുന്നത്.
സെല്ലിനുള്ളിൽ നിന്ന് പ്രതികരണമൊന്നുമില്ലാതെ വന്നതോടെ ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയും സിദി മുഹമ്മദിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു.
പ്രതിയെ ഷിക്കാഗോ ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ചേർന്ന് മൗണ്ട് സിനായ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണമടഞ്ഞത്.
ജീവനൊടുക്കാനുള്ള സാധ്യതയെക്കുറിച്ച് മുൻകൂർ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.