വിമർശനങ്ങൾ നൽകുന്ന ഊർജം ചെറുതല്ല: അഖിൽ പി. ധർമജൻ
Wednesday, December 4, 2024 5:19 PM IST
മനാമ: വിമർശനങ്ങളും അവഗണനയും തിരിച്ചടികളും തന്റെ എഴുത്തിന് വളമായിട്ടുണ്ടെന്ന് കഥാകാരൻ അഖിൽ പി. ധർമജൻ. യാത്രകളും ആ യാത്രകൾക്കിടയിൽ കണ്ടെത്തിയ മനുഷ്യരും അവരുടെ അനുഭവങ്ങളുമാണ് തന്റെ എഴുത്തിന്റെ കരുത്ത്. സാധാരണക്കാരന് മനസിലാക്കാൻ കഴിയുന്ന തരത്തിൽ കഥ പറഞ്ഞു പോകുന്ന ലളിതമായ രചന രീതിയാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു.
ബഹറിൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന എട്ടാമത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഖിൽ പി. ധർമജൻ. ഓജോബോർഡ്, മെർക്കുറി ഐലൻഡ്, റാം കെയർ ഓഫ് ആനന്ദി എന്നീ പുസ്തകങ്ങൾ രചയിതാവിന്റെ കൈയൊപ്പോടെ വാങ്ങാനുള്ള അവസരവും ഒരുക്കിയിരുന്നു.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി മഹേഷ് പിള്ള, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ.നായർ, പുസ്തകമേളയുടെ ജനറൽ കോഓർഡിനേറ്റർ ഹരീഷ് നായർ തുടങ്ങിയവരും ഭരണസമിതിയംഗങ്ങളുമടക്കം നിരവധി പേർ സന്നിഹിതരായിരുന്നു.
മലയാളം മിഷൻ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള "ഒരിടത്തൊരിടത്തൊരിടത്ത്' എന്ന കഥയിടത്തോടെ ആരംഭിച്ച സാംസ്കാരിക സന്ധ്യയിൽ ഗോപിക അഖിലേഷിന്റെ നൃത്തസംവിധാനത്തിൽ ടീം നർത്തന അവതരിപ്പിച്ച നൃത്തങ്ങളും ബഹറിൻ ഏഷ്യൻ സ്കൂൾ മലയാള വിഭാഗം അവതരിപ്പിച്ച "മലയാണ്മ' എന്ന നൃത്ത സംഗീത പരിപാടിയും അരങ്ങേറി.