തനിമ കുവൈറ്റ് ദേശീയ വടംവലി മത്സരവും പേൾ ഓഫ് ദ സ്കൂൾ അവാർഡ് ദാനവും വെള്ളിയാഴ്ച
അബ്ദുല്ല നാലുപുരയിൽ
Wednesday, December 4, 2024 3:32 PM IST
കുവൈറ്റ് സിറ്റി: സൻസീലിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള തനിമ കുവൈറ്റ് 18-ാം ദേശീയ വടംവലി മത്സരം വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ ഓപ്പൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ട് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തനിമ മുൻ ഹാർഡ്കോർ അംഗം പരേതനായ രാജു സക്കറിയയുടെ സ്മരണാർഥം രാജു സക്കറിയ നഗർ എന്നു നാമകരണം ചെയ്തിട്ടൂള്ള മത്സരവേദി മുഖ്യാതിഥി മുൻ കായികതാരവും കുവൈറ്റ് സംരംഭകനുമായ സുരേഷ് കാർത്തിക് കാണികൾക്കായി സമർപ്പിക്കും.
പൊതുസമ്മേളനത്തിൽ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഡോ. മനേലിസി പി. ഗെൻഗേ മുഖ്യാതിഥിയായിരിക്കും. കുവൈറ്റിലെ 26 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്കുള്ള ഡോ. അബ്ദുൽ കലാം പേൾ ഓഫ് ദ സ്കുൾ അവാർഡ് ദാനവും അന്നേ ദിവസം നടക്കും.
മാസങ്ങളോളം പരീശീലനത്തിലുള്ള 20ൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ആദ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി കായികതാരങ്ങൾ പങ്കെടുക്കുന്നു എന്നത് ഇത്തവണത്തെ സവിശേഷതയാണ്.
ടാഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോട് കൂടി നടക്കുന്ന മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങൾ ഇന്ത്യയിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ കുവൈറ്റിനെ പ്രതിനിധീകരിക്കാൻ അവസരമുണ്ടാകും. ആറ് അടിയിൽ അധികം ഉയരമുള്ള എവർറോളിംഗ് ട്രോഫിയാണ് ജേതാക്കൾക്ക് സമ്മാനിക്കുക.
ഓണത്തനിമ കൺവീനർ ഡി.കെ. ദിലീപ്, പ്രൊഗ്രാം കൺവീനർ ബാബുജി ബത്തേരി, ഓഫീസ് സെക്രട്ടറി ജിനു കെ. അബ്രഹാം, ജനറൽ കൺവീനർ ജോജിമോൻ തോമസ്, ട്രഷറർ റാണാ വർഗീസ്, ജോയിന്റ് കൺവീനർ കുമാർ ത്രിത്താല, ഫിനാൻസ് കൺവീനർ ഷാജി വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.