മലയാളം മിഷൻ ബുറൈദയിൽ ക്ലാസ് സംഘടിപ്പിച്ചു
Tuesday, December 10, 2024 12:06 PM IST
ബുറൈദ: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ ഭാഗമായി ബുറൈദയിൽ കുട്ടികൾക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു. "എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യം ഉയർത്തി പ്രവാസി മലയാളികളുടെ പുത്തൻ തലമുറയിൽ മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നത്തിന്റെ ഭാഗമായാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
മലയാള ഭാഷാ പഠനത്തിന് പുറമെ മലയാളി സമൂഹത്തിന്റെ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കും മലയാളം മിഷൻ പ്രോത്സാഹനം നൽകുന്നു. മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ ഭാഗമായ അൽഖസീം കോഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ കണിയാപുരത്തിന്റെ നേതൃത്വത്തിൽ അൽഖസീംപ്രവാസിസംഘവും കുടുംബവേദിയും ചേർന്ന് സംഘടിപ്പിച്ച ക്ലാസിൽ ബുറൈദയിൽ നിന്നുള്ള നിരവധി കുട്ടികൾ പങ്കെടുത്തു.
കളി ചിരികളിലൂടെയും കഥ പറച്ചിലൂടെയും നയിച്ച ക്ലാസ് കുട്ടികൾക്ക് മാതൃഭാഷാപഠനം രസകരമായ അനുഭവം നൽകുന്ന ഒരു വേദി ഒരുക്കികൊണ്ട് മലയാളം മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി.
സഹാന, സോഫിയ, അശോക് ഷാ എന്നിവർ കുട്ടികൾക്ക് വേണ്ടി രസകരമായി ക്ലാസുകൾ നയിച്ചു. കുടുംബവേദി രക്ഷധികാരി സുൽഫിക്കർ അലി, സെക്രട്ടറി ഫൗസിയ ഷാ, പ്രസിഡന്റ് ഷമീറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
കൂടുതൽ വിദ്യാർഥികളിലേക്ക് ഭാഷാ പഠനം എന്ന ആശയം എത്തിക്കാനുള്ള പ്രവർത്തങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഖസീംപ്രവാസിസംഘം സെക്രട്ടറി കൂടിയായ ഉണ്ണി കണിയാപുരം പറഞ്ഞു.