അനിൽ നടരാജന്റെ മൃതദേഹത്തിന് അവസാന യാത്രയൊരുക്കി നോർക്ക ആംബുലൻസ്
Tuesday, December 10, 2024 11:56 AM IST
റിയാദ്: റഫായ ജംഷിയിൽ ഹ്യദായാഘാതം മൂലം മരിച്ച കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസിൽ പരേതരായ നടരാജന്റെയും സതീദേവിയുടെയും മകൻ അനിൽ നടരാജന്റെ (57) മൃതദേഹം നാട്ടിൽ സംസ്കരിച്ചു.
റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലുള്ള കൃഷി സ്ഥലത്ത് കുഴഞ്ഞുവീണ അനിലിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിൽ നിന്ന് ഭാര്യ അനിതയുടെയും മകൾ അശ്വതിയുടെയും ആവശ്യപ്രകാരം കേളി ദവാദ്മി യൂണിറ്റും മുസാഹ്മിയ ഏരിയ ജീവ കാരുണ്യ വിഭാഗവും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു
ഇഖാമയുടേയും പാസ്പോർട്ടിന്റെയും കാലാവധി കഴിഞ്ഞിരുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്കാവശ്യമായ നടപടിക്രമങ്ങൾ നീണ്ടുപോയി. എങ്കിലും ഇന്ത്യൻ എംബസിയുടെ ഇടപെടലിനോടൊപ്പം കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര ജീവകാരുണ്യ വിഭാഗം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കയും ചെയ്തു.
എയർ ഇന്ത്യ വിമാനത്തിൽ ഡിസംബർ അഞ്ചിന് രാവിലെ എട്ടിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് കേളി നേതൃത്വം ഇടപെട്ട് നോർക്ക ആംബുലൻസ് ഏർപ്പെടുത്തി. ഉച്ചയ്ക്ക് 11ന് സംസ്കാരം നടന്നു.