കേളി കുടുംബ വേദി "സിനിമാ കൊട്ടക' തുറന്നു
Saturday, December 7, 2024 1:16 PM IST
റിയാദ്: കേളി കുടുംബ വേദിയുടെ നേതൃത്വത്തിൽ സിനിമാ പ്രദർശനവും നിരൂപണവും ചർച്ചയും ലക്ഷ്യം വച്ചുകൊണ്ട് "സിനിമാ കൊട്ടക' എന്നപേരിൽ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു.
ദേശ ഭാഷാ വ്യത്യസമന്യേ കാമ്പുള്ള നല്ല സിനിമകള്‍ പ്രത്യേകിച്ച് സ്ത്രീപക്ഷ സിനിമകൾക്ക് മുൻതൂക്കം നൽകി ഒരുക്കുന്ന പരിപാടിയിൽ മാസത്തിൽ ഒരു സിനിമ വീതം പ്രദർശിപ്പിക്കുകയും അതിന്മേൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യും.
കാണുക, ആസ്വദിക്കുക, ചര്‍ച്ച ചെയ്യുക, പ്രചോദിതരാകുക എന്നതാണ് സിനിമ കൊട്ടകയുടെ മുദ്രാവാക്യം. നാട്ടിലെ ഫിലിം സൊസൈറ്റികളുടെ മാതൃകയിൽ റിയാദിൽ ഒരു വേദി ഒരുക്കുന്നത്തിലൂടെ സിനിമയെ കുറിച്ചും സിനിമയുടെ ഉള്ളറകളെ കുറിച്ചും വിനോദത്തോടൊപ്പം സിനിമയെ എങ്ങനെ ഗൗരവപൂര്‍വം വീക്ഷിക്കാം എന്നും മനസിലാക്കുക എന്നതാണ് സിനിമ കൊട്ടകയുടെ പ്രഥമ ലക്ഷ്യം.
സാമൂഹ്യ പ്രതിബദ്ധതയോടെ സിനിമകൾ നിർമിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സിനിമ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും പ്രവാസി സമൂഹത്തിന് കൂടുതൽ അറിവുകൾ നൽകുവാന് ഇതിലൂടെ കഴിയുമെന്നും കേളി കുടുംബ വേദി സെക്രട്ടറി സീബാ കൂവോട് പറഞ്ഞു.
പ്രവാസി പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമകൾക്ക് മുൻതൂക്കം നൽകും. ആദ്യ പ്രദർശനം വെള്ളിയാഴ്ച വൈകുന്നേരം നാലിന് ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.
എഴുത്തുകാരി ബീന സിനിമ കൊട്ടക ഉദ്ഘാടനവും റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറിയും സംവിധായകനുമായ ഷംനാദ് കരുനാഗപള്ളി ലോഗോ പ്രകാശനവും നിർവഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.