മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താംവാർഷിക ലോഗോ പ്രകാശനം ചെയ്തു
അബ്ദുല്ല നാലുപുരയിൽ
Thursday, December 5, 2024 8:15 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താംവാർഷിക ആഘോഷത്തിന്റെ ലോഗോ, ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഒ മുസ്തഫ ഹംസക്ക് നൽകി കൊണ്ട് സയിദ് മുനവർ അലി തങ്ങൾ പ്രകാശനം ചെയ്തു.
കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെഎംസിസി) ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ വച്ചാണ് ലോഗോ പ്രകാശനം നിർവഹിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് ആരോഗ്യ സംരക്ഷണവും പിന്തുണയും നൽകുന്നതിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സമർപ്പണത്തെ സയിദ് മുനവർ അലി തങ്ങൾ പ്രശംസിച്ചു.
ലോഗോ പ്രകാശന ചടങ്ങിൽ മെട്രോ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ സംസാരിച്ചു. 10 വർഷമായി വിജയകരമായി പ്രവർത്തിക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പ് , 2025ഓടു കൂടി 10 ബ്രാഞ്ചുകളായി കുവൈറ്റിൽ വികസിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ വിപുലീകരണത്തിന്റെ ആദ്യപടിയായി യുഎഇയിലെ ഷാർജയിൽ ഒരു ശാഖയും പ്രവർത്തിക്കുന്നുണ്ട്.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വാർഷിക ആഘോഷത്തിലുടനീളം സവിശേഷവും സാധാരണക്കാർക്ക് ഏറ്റവും താങ്ങാനാവുന്നതുമായ ചികിത്സകളും സേവനങ്ങളും വാഗ്ദാനം ചെയ്യുമെന്നും 2025 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ വാർഷിക ആഘോഷങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡേ കെയർ സർജറി, ഡിജിറ്റൽ എക്സ്റേകൾ, ക്ലോസ്ഡ് ആൻഡ് ഓപ്പൺ എം.ആർ.ഐ സ്കാനുകൾ, സിടി സ്കാനുകൾ, മാമ്മോഗ്രഫി, ബോൺ മിനറൽ ഡെൻസിറ്റി (ബിഎംഡി) ടെസ്റ്റുകൾ തുടങ്ങിയ അത്യാധുനിക സേവനങ്ങൾ മെട്രോയിൽ ലഭ്യമാന്നെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.