പുസ്തകോത്സവത്തോടനുബന്ധിച്ചു നടത്തപ്പെട്ട ’കലൈഡോസ്കോപ്പ്’ ശ്രദ്ധേയമായി
Wednesday, December 4, 2024 6:21 AM IST
മനാമ: ബഹ്റിൻ കേരളീയ സമാജം ഡിസി ബുക്സുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ബുക്ക് ഫെയറിന്റെ രണ്ടാം ദിനമായ 29ന് വെള്ളിയാഴ്ച നടത്തപ്പെട്ട ’കലൈഡോസ്കോപ്പ്’ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
സാംസ്കാരിക വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത നൃത്ത രൂപങ്ങളിൽ ശ്രദ്ധയൂന്നിക്കൊണ്ടു നടത്തപ്പെട്ട പരിപാടിയിൽ പതിമൂന്നോളം നൃത്ത രൂപങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. കേരളത്തിന്റെ തനതു നൃത്തരൂപമായ മോഹിനിയാട്ടത്തിൽ തുടങ്ങി, ഗുജറാത്തി ഗർഭ, പശ്ചിമ ബംഗാളി പരമ്പരാഗത നൃത്തം, ഒഡീഷ സമ്പൽപ്പൂരി, ഉത്തർപ്രദേശുകാരുടെ കഥക്, കന്നഡികരുടെ പരമ്പരാഗത നൃത്തം, മണിപ്പൂരി, തമിഴരുടെ കരകാട്ടം, സിലമ്പാട്ടം, ഒയിലാട്ടം, രാജസ്ഥാനികളുടെ ഘൂമറും പരമ്പരാഗത നൃത്തവും കടന്നു പഞ്ചാബി നൃത്തത്തിലൂടെ സഞ്ചരിച്ച പരിപാടി അക്ഷരാർത്ഥത്തിൽ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു പരമ്പരാഗത നൃത്തരൂപങ്ങൾ ആസ്വദിക്കുന്ന ഒരു സഞ്ചാരിയുടെ അനുഭവം കാണികൾക്കു സമ്മാനിച്ചു.
നൂറ്റിയന്പതോളം നൃത്തകലാകാരന്മാർ പങ്കെടുത്ത ’കലൈഡോസ്കോപ്പ്’ പരിപാടിയുടെ അവതരണരീതികൊണ്ട് തന്നെ ശ്രദ്ധേയമായി. കലൈഡോസ്കോപ്പിനു മുൻപായി നടത്തപ്പെട്ട ഹ്രസ്വ പൊതുസമ്മേളനത്തിൽ, സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു സംസാരിച്ചു. സമാജം ട്രഷറർ ദേവദാസ് കുന്നത്ത് സ്വാഗതം ആശംസിച്ച യോഗത്തിൽ സമാജം സാഹിത്യ വിഭാഗം സെക്രട്രറി വിനയചന്ദ്രൻ നായർ, പുസ്തകമേള കൺവീനർ ഹരീഷ് നായർ എന്നിവർ സന്നിഹിതരായിരുന്നു. സാംസ്കാരിക പരിപാടികളുടെ കൺവീനർ അഭിലാഷ് വെളുക്കൈ നന്ദി രേഖപ്പെടുത്തിയ പരിപാടിയിൽ ആഷ്ലി കുരിയൻ അവതാരകനായിരുന്നു.
പുസ്തകമേളയോടനുബന്ധിച്ചു സമാജം ചിത്രകലാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ’മാസ്സ് പെയിന്റിംഗ്’ പരിപാടിയിൽ നിരവധി കലാകാരന്മാർ പങ്കെടുത്തു. വലിയ ക്യാൻവാസിൽ പെയിന്റിങ്ങിനു അവസരമൊരുക്കിയ പരിപാടിയിൽ ’സാംസ്കാരിക പ്രതിഫലനം’ എന്ന വിഷയത്തിലൂന്നി നിരവധി മികച്ച ചിത്രങ്ങളാണ് കലാകാരന്മാർ വരച്ചു ചേർത്തത്. പരിപാടിക്ക് ചിത്രകലാ ക്ലബ് കൺവീനർ ആൽബർട്ട് ആന്റണി, ജയരാജ് ശിവ, ഹരീഷ് മേനോൻ എന്നിവർ നേതൃത്വം നൽകി.
നവംബർ 28 ന് ആരംഭിച്ച അന്താരാഷ്ട്ര പുസ്തകമേള ഡിസംബർ 8 നാണു അവസാനിക്കുക. പുസ്തകമേളയോടനുബന്ധിച്ചുള്ള ഫോട്ടോഗ്രാഫി എക്സിബിഷനും ബാബുരാജ് ഹാളിൽ നടന്നുവരുന്നുണ്ട്. വരുംദിവസങ്ങളിലും പുസ്തകമേളയിൽ അതിഥികളായി പ്രശസ്ത എഴുത്തുകാർ എത്തുന്നുണ്ട്. കാണികൾക്കുള്ള സ്പോട് ക്വിസ്സുകൾ ഉൾപ്പെടെ നിരവധി പരിപാടികളാണ് പുസ്തകോത്സവുമായി ബന്ധപ്പെട്ടു സംഘാടകർ ഒരുക്കിയിരിക്കുന്നത്.