മഴയ്ക്കായി പ്രാർഥിച്ച് യുഎഇ
Saturday, December 7, 2024 1:45 PM IST
അബുദാബി: മഴയ്ക്കായി പ്രാർഥനകൾ നടത്തി യുഎഇ. രാജ്യത്തെ പള്ളികളിൽ വിശ്വാസികൾ ഒരുമിച്ചുകൂടി ഇന്നു രാവിലെ 11നാണ് പ്രാർഥന നടത്തിയത്. മഴയ്ക്കുവേണ്ടി പ്രാർഥന നടത്താൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തിരുന്നു. അറബിയില്‍ സലാത്തുൽ ഇസ്തിസ്ഖ എന്നാണ് ഈ പ്രത്യേക പ്രാർഥന അറിയപ്പെടുന്നത്.
അറബ് രാജ്യങ്ങളിൽ മഴയ്ക്കായുള്ള സമൂഹ പ്രാർഥനകൾ സാധാരണമാണ്. മഴയ്ക്കായുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങളും നടക്കും. നിലവിൽ തണുത്ത കാലാവസ്ഥയാണ് യുഎഇയിൽ.
ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് രാജ്യത്തെ മഴയുടെ നല്ലൊരു പങ്കും ലഭിക്കുക. കഴിഞ്ഞ സീസണിൽ ഏപ്രിലിൽ ശക്തമായ മഴ ലഭിച്ചിരുന്നു.